*ചുമർ ഇടിഞ്ഞ് വീട്ടമ്മക്ക് ഗുരുതര പരുക്ക് *പുതുശ്ശേരിയിൽ നാല് കോളനികൾ വെള്ളത്തിലായി വാളയാർ: കാലവർഷക്കെടുതിയിൽ കിഴക്കൻ മേഖലയിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റും മഴയിലും പുതുശ്ശേരി, എലപ്പുള്ളി, മരുതറോഡ് പഞ്ചായത്തുകളിലായി ആറ് വീടുകൾ ഭാഗികമായും മൂന്ന് വീടുകൾ പൂർണമായും തകർന്നു. പുതുശ്ശേരിയിൽ ചുമർ ഇടിഞ്ഞ് വീണ് വീട്ടമ്മക്ക് പരിക്കേറ്റു. പലയിടത്തും മരം പൊട്ടിവീണ് വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടു. മരം പൊട്ടി വീണ് വൈദ്യുത തൂണുകളും ലൈനുകളും തകർന്നു. കൃഷിയിടങ്ങൾ പലയിടത്തും വെള്ളത്തിലായി. പുതുശ്ശേരി കൊളയക്കോട് കുണ്ടുകാടിൽ പരേതനായ പാറുവിെൻറ വീട് പൂർണമായി തകർന്നു വീണു. ചുമരിടിഞ്ഞ് വീണ് പാറുവിനു (65) കാലിനും കൈക്കും പരിക്കേറ്റു. കാലിലെ എല്ല് പൊട്ടി ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടും മേൽക്കൂരയും തകർന്നു വീഴുന്ന ശബ്ദം കേട്ട് ഇവർ ഉടൻ ഓടിരക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും വീട്ടുപകരണങ്ങളും തകർന്നു. വാളയാർ ഈസ്റ്റ് അട്ടപ്പള്ളത്ത് രാജമ്മയുടെ വീടിനോട് ചേർന്ന അടുക്കള ഭാഗം കാറ്റിൽ തകർന്നു വീണു. ഇവരുടെ കിണർ പൂർണമായി ഇടിഞ്ഞു താഴ്ന്നു. കഞ്ചിക്കോട്ട് വീടിനു മുകളിലേക്ക് മരം പൊട്ട് വീണെങ്കിലും ആളപായമില്ല. എലപ്പുള്ളി പള്ളത്തേരിയിൽ കാറ്റിൽ ഷീറ്റുമേഞ്ഞ വീടിെൻറ മേൽക്കൂര പറന്നു വീണു. മരുതറോഡ് കൊട്ടേക്കാടും വേനോലിയിലും വീടിെൻറ മേൽക്കൂര ഭാഗികമായി തകർന്നു. പുതുശ്ശേരി കുരുടിക്കാടിൽ ദേശീയപാതയിൽനിന്നുള്ള മഴവെള്ളം കോളനികളിലേക്ക് തുറന്നുവിട്ടതിലൂടെ നാല് കോളനികളിൽ വെള്ളം കയറി. കോളനികളിലെ വീടുകൾ പൂർണമായി വെള്ളക്കെട്ടിലായി. റോഡുകളും ഇടവഴികളും വെള്ളം കയറിയതോടെ കോളനികൾ ഒറ്റപ്പെട്ട നിലയിലാണ്. ശാസ്തനഗർ, ജവഹർ കോളനി, ഉദയനഗർ കോളനി, കൈലാസ്നഗർ എന്നീ കോളനികളാണ് വെള്ളത്തിലായത്. ദേശീയപാതയുടെ അഴുക്കുചാൽ നിർമാണത്തിലുണ്ടായ അപാകതയാണ് കോളനികളെ വെള്ളത്തിലാക്കിയത്. കോവിൽപാളയം, പുതുശ്ശേരി ജങ്ഷൻ ഉൾപ്പെടെയുള്ള മേഖലയിലെ അഴുക്കുവെള്ളവും മഴവെള്ളവും കോളനികളിലേക്ക് ഒഴുകിയെത്തുന്ന തരത്തിലാണ് ചാലുകളുടെ നിർമാണം. ഇതിൽ ശാസ്ത നഗറിലേക്കാണ് മുഴുവൻ വെള്ളവും ഒഴുകിയെത്തുന്നത്. കാട്ടാനശല്യം: എം.എൽ.എ കോളനി സന്ദർശിച്ചു പറമ്പിക്കുളം: തേക്കടി ആദിവാസി കോളനി കെ. ബാബു എം.എൽ.എയും സി.പി.എം നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ കുറച്ചുദിവസമായി തേക്കടി കോളനിയിൽ കാട്ടാനശല്യം രൂക്ഷമായിരുന്നു. കാട്ടാന തകർത്ത വീടുകളും കൃഷിയിടവും എം.എൽ.എ സന്ദർശിച്ചു. കാട്ടാനശല്യം കാരണം ദുർബലമായ വീടുകളിൽ താമസിക്കുന്നവർ സമീപത്തെ കോൺക്രീറ്റ് വീടുകളിലെയും അംഗൻവാടി വനം ഓഫിസ് എന്നിവയുടെ ടെറസുകൾക്ക് മുകളിലുമാണ് താമസിക്കുന്നത്. കാട്ടാനകളെ ജനവാസ കേന്ദ്രങ്ങളിൽനിന്ന് മാറ്റാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്താനും വേണ്ട നടപടി എടുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. റബർ ബുള്ളറ്റ് ഉപയോഗിച്ച് ആനയെ തുരത്താൻ സായുധസേന പൊലീസിനെ ഉടനെ നിയോഗിക്കണം .കൂടുതൽ വനം ഉദ്യോഗസ്ഥരെയും വാച്ചർമാരെയും നിയമിക്കണം. ആദിവാസികൾക്ക് കെട്ടുറപ്പുള്ള വീട് ഉറപ്പുവരുത്താനം വീടും കൃഷിയും നശിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുമെന്നും കെ. ബാബു എം.എൽ.എ പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി കെ. രമാധരൻ, ഏരിയ കമ്മറ്റി അംഗങ്ങളായ കെ. സിയാവുദ്ദീൻ, എ. ദേവീദാസ് മുതലമട ലോക്കൽ സെക്രട്ടറി സി. തിരുചന്ദ്രൻ, കൊടുവായൂർ പഞ്ചായത്ത് പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ്, മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ എന്നിവരും എം.എൽ.എക്കൊപ്പം തേക്കടി കോളനി സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.