അഗളി: ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി എൻ.ആർ.എൽ.എം (നാഷനൽ റൂറൽ ലൈവ്ലിഹൂഡ് മിഷൻ) പദ്ധതിയിലൂടെ അട്ടപ്പാടിയിൽ സമാധാന അന്തരീക്ഷം തകർക്കാൻ ചിലർ ശ്രമിച്ചതായി സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച എൽ.ഡി.എഫ് അഗളിയിൽ സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിൽ ആദിവാസി-വനവാസി വേർതിരിവ് സൃഷ്ടിച്ച് കലാപത്തിലേക്ക് വഴിയൊരുക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ മുൻ മേധാവിയുടെ നേതൃത്വത്തിൽ നടന്നത്. ആദിവാസികളുടെ പേരിൽ വൻ തുകയുടെ വെട്ടിപ്പ് നടന്നു. ഇത് സംബന്ധിച്ച് പരിശോധന ആവശ്യമാണ്. 30 കോടി രൂപ ചെലവാക്കിയിട്ടും ആദിവാസി വിഭാഗത്തിൽ ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല. ആദിവാസി വിഭാഗത്തെ ഇതര വിഭാഗക്കാരുമായി ഇടപഴകാൻ കഴിയാത്ത വിധം വേർതിരിക്കാനുള്ള ശ്രമം നടന്നു. ഇതിനായി ഒരു കൂട്ടം ആളുകളെ തെറ്റിദ്ധരിപ്പിച്ച് മേധാവി കൂടെ നിർത്തുകയായിരുന്നു. പദ്ധതിയിൽ വർഗീയ ശക്തികളുടെ കടന്നുകയറ്റവും ഉണ്ടായി. ആദിവാസി സംരക്ഷകരെന്ന് പേരു പറഞ്ഞ് നടത്തുന്ന കാപട്യം പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം അട്ടപ്പാടി ഏരിയ സെക്രട്ടറി സി.പി. ബാബു അധ്യക്ഷത വഹിച്ചു. മുൻ െഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി, ജില്ല പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസി. ഈശ്വരി രേശൻ, ജില്ല പഞ്ചായത്ത് അംഗം സി. രാധാകൃഷ്ണൻ, വാർഡ് അംഗം മുഹമ്മദ് ജാക്കിർ, എ.കെ.എസ്. ജില്ല പ്രസിഡൻറ് രാജൻ എന്നിവർ സംസാരിച്ചു. അഗളിയിൽ നടന്ന പ്രതിഷേധറാലിയിൽ വിവിധ ഊരുകളിൽ നിന്ന് രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു. അട്ടപ്പാടിയിലെ കേന്ദ്ര പദ്ധതികൾ സി.പി.എം അട്ടിമറിക്കുന്നു -ബി.ജെ.പി പാലക്കാട്: അട്ടപ്പാടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനായി കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഗ്രാമീണ ഉപജീവന മിഷെൻറ പദ്ധതി സി.പി.എം അട്ടിമറിക്കുന്നതായി ബി.ജെ.പി ജില്ല അധ്യക്ഷൻ ഇ. കൃഷ്ണദാസ് ആരോപിച്ചു. അട്ടപ്പാടിയിലെ ഭൂമാഫിയയുടെയും ചില ഭരണപക്ഷ രാഷ്ട്രീയക്കാരുടെയും സഹായത്തോടെ പദ്ധതി അട്ടിമറിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരുവശത്ത് ശിശുമരണങ്ങൾ തുടരുമ്പോൾ ആദിവാസി ക്ഷേമത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. ഈ വിഷയത്തെ സംബന്ധിച്ച് പാലക്കാട് എം.പി എം.ബി. രാജേഷിന് എന്താണ് പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു. (((ബോക്സ്))))
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.