പട്ടാമ്പിയിൽ യോഗം പ്രക്ഷുബ്​ദമായി

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തേണ്ടി വരരുതെന്ന് തഹസിൽദാർ പട്ടാമ്പി: ഉദ്യോഗസ്ഥരും ജനപ്രതിനിധികളും താലൂക്ക് വികസന സമിതിയോട് പുറം തിരിഞ്ഞുനിൽക്കുന്നത് പ്രതിമാസ യോഗത്തിൽ ചർച്ചയാവുന്നത് ആദ്യമല്ല. ഉദ്യോഗസ്ഥരുണ്ടെങ്കിൽ ജനപ്രതിനിധികളില്ല, ജനപ്രതിനിധികൾ വന്നാൽ മറുപടി പറയാൻ പ്രാപ്തരായ ഉദ്യോഗസ്ഥരും കാണില്ല. ശനിയാഴ്ച പട്ടാമ്പി താലൂക്ക് വികസന സമിതിയിൽ ജനപ്രതിനിധികളെ ക്ഷുഭിതരാക്കിയത് ഉദ്യോഗസ്ഥ മേധാവികളുടെ അഭാവമാണ്. പറക്കാട് കള്ള് ഷാപ്പിനെതിരെ 20 ദിവസമായി നടന്നുവരുന്ന സമരം യോഗത്തിലുന്നയിച്ച് മുസ്ലിം ലീഗ് പ്രതിനിധി പി.ടി. മുഹമ്മദാണ് പ്രശ്നത്തിന് തീ കൊളുത്തിയത്. കുലുക്കല്ലൂർ-നെല്ലായ കുടിവെള്ള പദ്ധതി, വല്ലപ്പുഴ-മുളയങ്കാവ് റോഡ്, ഹൈമാസ്റ്റ് വിളക്കുകളുടെ ബാറ്ററി മോഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുന്നയിച്ച് കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. ഗോപകുമാർ സംസാരിച്ചതോടെ വിഷയം ആളിക്കത്തി. മറുപടി പറയാൻ വാട്ടർ അതോറിറ്റി പ്രതിനിധി എഴുന്നേറ്റപ്പോൾ മറുപടി പറയേണ്ടത് അസി. എൻജിനീയറോ അസി. എക്സി. എൻജിനീയറോ ആണെന്നും വെറുമൊരു ജീവനക്കാര​െൻറ മറുപടി ആവശ്യമില്ലെന്നും ഉത്തരവാദിത്തപ്പെട്ടവരെവിടെ എന്നും ഗോപകുമാർ ചോദ്യം ചെയ്തു. ഓഫിസ് മേധാവികൾ മറുപടി പറയാൻ പ്രാപ്തിയില്ലാത്ത ഏതെങ്കിലും ഒരാളെ യോഗത്തിന് വിട്ട് താലൂക്ക് വികസനസമിതിയെ അവഹേളിക്കുകയാണെന്നും തങ്ങളൊന്നും മറ്റു ജോലിയില്ലാത്തവരല്ലെന്നും അദ്ദേഹം തുറന്നടിച്ചതോടെ യോഗം ബഹളത്തിൽ മുങ്ങി. കള്ളുഷാപ്പ് വിഷയത്തിൽ മറുപടി പറയാൻ എക്സൈസ് ഉദ്യോഗസ്ഥരാരുമില്ലെന്നും ഒരു പൊലീസുകാരനെങ്കിലും യോഗത്തിലില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനിടെ പൊലീസ്, എക്സൈസ് ഉദ്യോഗസ്‌ഥരെ തഹസിൽദാർ വിളിച്ചുവരുത്തി. യോഗം നടക്കുന്ന കെട്ടിടത്തിലുള്ള എക്സൈസ് ഓഫിസിൽനിന്ന് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തേണ്ടിവന്നത് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങളെയും ചൊടിപ്പിച്ചു. സ്ഫോടനാത്മകമായ രംഗങ്ങൾക്കൊടുവിൽ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും മേലിൽ ഇതാവർത്തിക്കരുതെന്നും തഹസിൽദാർ കാർത്യായനിദേവി താക്കീത് നൽകി. രണ്ട് നിയമസഭ മണ്ഡലം, 15 പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, പട്ടാമ്പി നഗരസഭ ഇവയിലെ ഭരണസാരഥികൾ പങ്കെടുക്കേണ്ട യോഗത്തിൽ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നന്ദവിലാസിനി അമ്മ മാത്രമാണ് തുടക്കത്തിലുണ്ടായിരുന്നതെന്നും ഏറെ കൗതുകകരമായി. എം.എൽ.എയുടെ അഭാവത്തിൽ നന്ദവിലാസിനി അമ്മയുടെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്‌പജ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ. മുരളി (വിളയൂർ), പി. സുമിത (കൊപ്പം), എൻ. ഗോപകുമാർ (കുലുക്കല്ലൂർ), എൻ. നന്ദവിലാസിനി അമ്മ (വല്ലപ്പുഴ), തിരുവേഗപ്പുറ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.പി. കേശവൻ എന്നിവരിലൊതുങ്ങി ജനപ്രതിനിധികളുടെ പ്രാതിനിധ്യം എന്നതും താലൂക്ക് വികസന സമിതിയോടുള്ള സമീപനത്തി​െൻറ തെളിവായി. വല്ലപ്പുഴ-മുളയങ്കാവ് റോഡി​െൻറ തകർച്ചക്ക് പരിഹാരം കാണാൻ ഇനിയും താമസിച്ചാൽ 17ന് ഏകദിന ഉപവാസസമരം നടത്തുമെന്ന ഗോപകുമാറി​െൻറ പ്രഖ്യാപനവും അതിന് പിന്തുണ നൽകി നന്ദവിലാസിനി അമ്മയുടെ ഏകോപിച്ചുള്ള സമരമാവാം എന്ന നിർദേശവും സമിതി യോഗത്തിലുണ്ടായി. അപകട ഭീഷണി ഉയർത്തുന്ന അഞ്ചുമരങ്ങൾ വെട്ടിമാറ്റാൻ രണ്ടര വർഷമായി ആവശ്യപ്പെടുകയാണെന്നും ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിട്ടില്ലെന്നും കെ. മുരളി പറഞ്ഞു. മൂന്ന് സ​െൻറ് സ്ഥലത്ത് 30 പേർ ജോലിയെടുക്കുന്ന തൊഴിലുറപ്പ് പദ്ധതി ഉപകാരപ്രദമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ പൊന്തവെട്ടാൻ തൊഴിലാളികളെ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കേന്ദ്ര പദ്ധതിയായതിനാൽ മാർഗനിർദേശം പാലിച്ചല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് ജോ. ബി.ഡി.ഒ അജിത മറുപടി നൽകി. പല അപൂർവ ഇനം ചെടികളും നശിക്കുന്നതിനാൽ പൊന്തവെട്ടാൻ കഴിയില്ല. നഗരസഭ പ്രദേശങ്ങളിൽ ഇതനുവദനീയമാണ്. അവിടങ്ങളിലല്ലാത്ത എന്ത് സംരക്ഷണമാണ് ഗ്രാമങ്ങളിൽ ആവശ്യപ്പെടുന്ന സംശയത്തിന് മറുപടിയുണ്ടായില്ല. അബ്‌കാരി ചട്ടങ്ങൾക്കനുസൃതമായാണ് പറക്കാട് കള്ളുഷാപ്പ് പ്രവർത്തിക്കുന്നതെന്ന് എക്സൈസ് പ്രതിനിധി പറഞ്ഞു. കോളനി അംഗീകരിച്ചിട്ടില്ല, അംഗൻവാടി വിദ്യാഭ്യസ സ്ഥാപനമല്ല എന്നതാണ് ഷാപ്പ് അനുവദിക്കപ്പെട്ടതി​െൻറ അബ്‌കാരി ന്യായം. വർഷങ്ങളായി തരിശിടുന്ന വയൽ നികത്തി ചെറിയ വീട് വെക്കാൻ ശ്രമിക്കുന്നവർക്ക് അനുമതി നൽകാത്ത വില്ലേജ് ഓഫിസർമാരുടെ നടപടി തിരുത്തണമെന്ന് നഗരസഭ ചെയർമാൻ കെ.എസ്.ബി.എ. തങ്ങൾ ആവശ്യപ്പെട്ടു. നഗരസഭയിൽ പി.എം.എ.വൈ പദ്ധതിയിൽ 45 വീടുകളുടെ നിർമാണം ഇങ്ങനെ തടസ്സപ്പെട്ടിരിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു. ഡാറ്റ ബാങ്ക് തടസ്സം എല്ലാറ്റിലും ബാധകമല്ലെന്ന് ഭൂരേഖ തഹസിൽദാർ സുനിൽ മാത്യു മറുപടി നൽകി. വില്ലേജ് ഓഫിസർ എതിർത്താൽപോലും ലോക്കൽ ലാൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഭൂരിപക്ഷാഭിപ്രായപ്രകാരം അർഹതയുള്ളവർക്ക് അനുമതി നൽകാമെന്നും അദ്ദേഹം വ്യക്തമാക്കി. റേഷൻ കാർഡിൽ പേര് ചേർക്കാൻ ജനപ്രതിനിധികളുടെ കത്തുമായെത്തുന്നവരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കുകയല്ല, വ്യക്തത വരുത്തുക മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഇത് സംബന്ധിച്ചുയർന്ന പരാമർശത്തിന് താലൂക്ക് സപ്ലൈ ഓഫിസർ മോഹൻദാസ് മറുപടി നൽകി. ഭിന്നശേഷിക്കാർക്ക് സ്കോളർഷിപ് നൽകാൻ ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടെ വിഹിതം ലഭിക്കുന്നില്ലെന്ന് നന്ദവിലാസിനി അമ്മയും പരാതിപ്പെട്ടു. വിദ്യാർഥികളുടെ യാത്ര പ്രശ്നം പരിഹരിക്കാൻ പ്രിൻസിപ്പൽമാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം ഉടനെ വിളിച്ചുചേർക്കുമെന്ന് ജോ. ആർ.ടി ഓഫിസ് പ്രതിനിധി അറിയിച്ചു. ഡെപ്യൂട്ടി തഹസിൽദാർ എസ്. ശ്രീജിത്ത് മുൻ യോഗതീരുമാനങ്ങളും ഡെപ്യൂട്ടി തഹസിൽദാർ വി.പി. സെയ്ത് മുഹമ്മദ് വകുപ്പുകൾ സ്വീകരിച്ച നടപടികളും യോഗത്തെ അറിയിച്ചു. എ.ഡി.എ. സൂസൻ ബഞ്ചമിൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രതിനിധി സി.എം. അലി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.