വേങ്ങര: വേങ്ങര ടൗണില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് അയവു വരുത്താൻ പരീക്ഷണാടിസ്ഥാനത്തിൽ താഴെ പറയുന്ന പരിഷ്കാരങ്ങൾ നടപ്പാക്കാൻ ട്രാഫിക് പരിഷ്കരണ സമിതി യോഗം തീരുമാനിച്ചു. പ്രധാനമായും തിരക്കനുഭവപ്പെടുന്ന ബ്ലോക്ക് റോഡ് ജങ്ഷൻ, ചേറൂർ റോഡ്, കോട്ടക്കൽ റോഡ് ജങ്ഷനുകൾ എന്നിവിടങ്ങളിലാണ് പരിഷ്കരണ നടപടികൾ. ബ്ലോക്ക് റോഡിൽ നിന്ന് വലത്തോട്ട് (മലപ്പുറം ഭാഗത്തേക്ക്) തിരിയേണ്ട വാഹനങ്ങൾ നേരെ ഇടത്തോട്ട് തിരിഞ്ഞ് നിലവിൽ പിക്അപ് സ്റ്റാൻഡ് സ്ഥിതിചെയ്യുന്ന ഭാഗത്ത് യു ടേൺ ചെയ്യണം. ചേറൂർ റോഡിൽനിന്ന് വേങ്ങര അങ്ങാടി ഭാഗത്തേക്കുവരുന്ന വാഹനങ്ങൾ ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് കുറ്റാളൂർ എം.എൽ.എ റോഡ് ജങ്ഷനിൽ ചെന്ന് യു ടേൺ തിരിഞ്ഞു മാത്രമെ പോകാവൂ. മലപ്പുറം ഭാഗത്തുനിന്ന് ചേറൂർ റോഡിലേക്ക് തിരിയുന്ന വാഹനങ്ങൾ നേരെ തിരിയാതെ താഴെ പോയി യുടേൺ തിരിയണം. വേങ്ങരയിൽനിന്ന് ബ്ലോക്ക് റോഡിലേക്ക് തിരിയേണ്ട വാഹനങ്ങൾ നേരെ കുറ്റാളൂർ ജങ്ഷനിൽ പോയി തിരിഞ്ഞുവന്നു മാത്രമെ റോഡിൽ പ്രവേശിക്കാവൂ. ഇതേ രീതി തന്നെ കോട്ടക്കൽ റോഡിൽനിന്ന് വരുന്നതും പോകുന്നതുമായ വാഹനങ്ങളും തുടരണം. ഇത് ഹെവി വാഹനങ്ങൾക്ക് ബാധകമല്ല. അതോടൊപ്പം ടൗണിൽ ബസ് സ്റ്റാൻഡിെൻറ പടിഞ്ഞാറും കിഴക്കും നൂറു മീറ്ററിനുള്ളിൽ റോഡരികിൽ അംഗീകരിച്ച ഓട്ടോകളല്ലാതെ ഒരുവിധ വാഹനങ്ങളും പാർക്ക് ചെയ്യാൻ പാടില്ല. റോഡരികിൽ അനധികൃതമായി ബൈക്കുകളോ, മറ്റു വാഹനങ്ങളോ ദീർഘനേരം നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടവരുത്തുന്നതിനാൽ അനുവദിക്കുന്നതല്ല. ടൗണിൽ പാർക്കിങ്ങിനുവേണ്ടി പഞ്ചായത്ത് നിശ്ചയിച്ച കേന്ദ്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തണം. പരീക്ഷണാടിസ്ഥാനത്തിൽ തിങ്കൾ മൂന്നുമുതൽ പരിഷ്കരണ നടപടികൾ തുടങ്ങും. ഇതുമായി മുഴുവൻ കച്ചവട സ്ഥാപനങ്ങളും വാഹന ഉടമകളും യാത്രക്കാരും ജീവനക്കാരും നാട്ടുകാരും സഹകരിക്കണമെന്ന് സമിതി അഭ്യർഥിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻകുട്ടി അധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ട്രേഡ് യൂനിയൻ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹിക സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ജലനിധി പ്രവൃത്തിക്കുവേണ്ടി വെട്ടിപ്പൊളിച്ചു ഗതാഗത തടസ്സമുണ്ടാക്കുന്ന ഇടങ്ങൾ താൽകാലികമായി മണ്ണിട്ട് ശരിയാക്കാനും യോഗം തീരുമാനിച്ചു. വേങ്ങരയിലേക്ക് കൂടുതൽ ഹോം ഗാർഡുകളെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പടം: വേങ്ങരയിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.