കോടതി വിധിയും പകർപ്പും ഉണ്ടെന്ന് പരാതിക്കാർ; കൈമലർത്തി നഗരസഭ മഞ്ചേരി: നഗരസഭ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് വേട്ടേക്കോടുള്ള ട്രഞ്ചിങ് ഗ്രൗണ്ടിൽതന്നെ പ്രദേശവാസികളുടെ സഹകരണത്തോടെ സ്ഥാപിക്കുമെന്ന് പറയുമ്പോഴും നേരത്തേ ഹൈകോടതി നൽകിയ നിർദേശങ്ങൾ നടപ്പാക്കാൻ ശ്രമങ്ങളില്ല. ഇത്തരം ഒരു വിധിയെക്കുറിച്ച് നഗരസഭയിൽ ഇപ്പോൾ ഒരു രേഖയുമില്ല. സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും നേരത്തേ ഹൈകോടതിയെ സമീപിച്ചവരുടെ നിലപാട് കോടതി നിർദേശങ്ങൾ നടപ്പാക്കണമെന്നായിരുന്നു. ചർച്ചയിൽ ആകെയുണ്ടായ തീരുമാനം ഹൈകോടതിയിൽനിന്ന് ഇത്തരത്തിൽ വിധിയുണ്ടെങ്കിൽ അത് നഗരസഭയുടെ അഭിഭാഷകൻ മുഖേന ലഭ്യമാക്കുമെന്നാണ്. അതേസമയം, ഇത്രയേറെ സങ്കീർണമായ ഒരു കാര്യത്തിൽ നഗരസഭയിലെ ഫയലിൽ ഹൈകോടതിയുടെ വിധിയോ കേസ് സംബന്ധിച്ച വിവരങ്ങളോ ഇല്ലാത്തത് ആശ്ചര്യകരമാണെന്ന് പരാതികളുമായി മുന്നോട്ടുപോയ കെ. ഉബൈദ് പറഞ്ഞു. 2012ലാണ് കേസിൽ ഇടക്കാല വിധി വന്നത്. മാലിന്യം തള്ളുന്ന ട്രഞ്ചിങ് ഗ്രൗണ്ടിനു ചുറ്റും മതിൽ നിർമിക്കുകയും മരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യുക മാലിന്യം തള്ളുന്ന ഭാഗത്ത് മുകളിൽ നെറ്റ് കെട്ടി പക്ഷിമൃഗാദികൾ കടക്കുന്നത് തടയുക, മാലിന്യം സംസ്കരിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. 2012ലെ ഇടക്കാലവിധി ഒരുമാസം കൊണ്ട് നടപ്പാക്കി ഹൈകോടതിയെ അറിയിക്കാനും നിർദേശിച്ചു. എന്നാൽ, പിന്നീട് ഇത് നടപ്പാക്കാനോ ഇവിടെ മാലിന്യം തള്ളാനോ നഗരസഭ മുതിർന്നില്ല. ഒരുമാസം മുമ്പ് പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റ് സ്ഥാപിക്കാൻ ലക്ഷങ്ങൾ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ കൊണ്ടുവന്ന് ഇറക്കിയപ്പോൾ പ്രദേശവാസികളും സി.പി.എം പ്രവർത്തകരും തടഞ്ഞു. തുടർന്നാണ് എം.എൽ.എയുടെ നേതൃത്വത്തിൽ അനുരഞ്ജനത്തിന് ശ്രമം നടത്തിയത്. പകർച്ചവ്യാധി: സർക്കാർ നിർദേശങ്ങൾ മുഖവിലക്കെടുക്കണമെന്ന് മഞ്ചേരി: മാലിന്യ സംസ്കരണം വേണ്ടരീതിയിൽ നടത്താത്തിനാൽ പകർച്ച രോഗം മൂലം നഗരസഭയിൽ രണ്ടുേപർ മരിക്കാനിടയായത് നഗരസഭയുടെ അനാസ്ഥമൂലമാണെന്നും ഇനിയെങ്കിലും സർക്കാർ നിർദേശങ്ങൾ മുഖവിലക്കെടുക്കമെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം അസൈൻ കാരാട്, ഏരിയ സെക്രട്ടറി വി. അജിത്കുമാർ, ലോക്കൽ സെക്രട്ടറി കെ. ഉബൈദ് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഹരിതകർമ സേന മുഴുവൻ വാർഡുകളിലും രൂപവത്കരിച്ച് വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കുന്ന പദ്ധതി ജൂലൈ മൂന്നുമുതൽ ആരംഭിച്ചു എന്നാണ് പറയുന്നത്. ഏതെല്ലാം വാർഡുകളിലാണ് ഹരിത കർമ സേന വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതെന്ന് ഇവർ ചോദിച്ചു. നഗരസഭയുടെ ശുചിത്വ പദ്ധതി ഇപ്പോഴും വാക്കും വർത്തമാനവും മാത്രമാണെന്നും പ്രവർത്തിപദത്തിൽ വരുന്നില്ലെന്നും കുറ്റപ്പെടുത്തി. ബോധവത്കരണ ശിൽപശാല, ശുചിത്വ സ്കോഡുകളുടെ രൂപവത്കരണം, വാർഡുതല ശചിത്വമാപ്പിങ്, മൈക്രോലെവൽ കർമ പദ്ധതി തയാറാക്കി നടപ്പിലാക്കൽ, ആരോഗ്യ ജാഗ്രതാ പാലനം തുടങ്ങിയവ പൊതുജനങ്ങളെ പങ്കാളികളാക്കി ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഏതെല്ലാം കാര്യങ്ങളാണ് ചെയ്തതെന്നും മുൻ നഗരസഭ അധ്യക്ഷൻ അസൈൻ കാരാട് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.