ഗ്രാമപഞ്ചായത്തിന് തലവേദനയായി പൊതുശ്മശാനം

കരുവാരകുണ്ട്: വാർഷിക പദ്ധതിയിൽ വർഷംതോറും തുക നീക്കിവെക്കാറുള്ള പൊതുശ്മശാനം ഇത്തവണ ഗ്രാമപഞ്ചായത്തിന് തലവേദനയാകുന്നു. മാലിന്യ നിർമാർജന ഇനത്തിൽ പൊതുശ്മശാനത്തിനായി വകയിരുത്തിയ 27 ലക്ഷം രൂപ എന്തുചെയ്യുമെന്ന് തീരുമാനിക്കാനാവാതെ വട്ടംകറങ്ങുകയാണ് ഭരണസമിതി. ഈ വർഷം ബ്ലോക്ക് പഞ്ചായത്തി​െൻറ 15 ലക്ഷമുൾപ്പെടെ, 42 ലക്ഷമാണ് വൈദ്യുതി ശ്മശാനത്തിന് നീക്കിവെച്ചിരുന്നത്. കക്കറയിൽ ഇതിന് പൊതുസ്ഥലവും കണ്ടുവെച്ചു. എന്നാൽ, കക്കറ ഗ്രാമസഭയിൽ ഇതിനെതിരെ പ്രതിഷേധമുയർന്നു. ഇതോടെ പകരം പദ്ധതികളുണ്ടാക്കി ആസൂത്രണ സമിതിക്ക് നൽകിയെങ്കിലും അവർ തള്ളുകയായിരുന്നു. ലക്ഷങ്ങൾ പാഴാകുമെന്ന് വന്നതോടെ കഴിഞ്ഞ ദിവസം പ്രസിഡൻറ് മുൻകൈയെടുത്ത് സർവകക്ഷി യോഗം വിളിച്ചു. ഇതിലും അഭിപ്രായ ഭിന്നതയുണ്ടായി. നാട്ടുകാർ എതിർക്കുന്നപക്ഷം ശ്മശാനം വേണ്ടെന്ന നിലപാടാണ് കോൺഗ്രസും സി.പി.എമ്മും എടുത്തത്. എന്നാൽ, പദ്ധതി ഒഴിവാക്കരുതെന്നും ശ്മശാനം യാഥാർഥ്യമാക്കണമെന്നും ബി.ജെ.പിയും ലീഗും ആവശ്യമുന്നയിച്ചു. ഭിന്നതയുണ്ടായതോടെ തിങ്കളാഴ്ച കക്കറയിൽ പ്രദേശവാസികളുടെ യോഗം വിളിക്കാൻ തീരുമാനിച്ച് സർവകക്ഷി യോഗം പിരിയുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ്, വൈസ് പ്രസിഡൻറ് സി.പി. ബിജിന, സ്ഥിരം സമിതി അധ്യക്ഷൻ പി. ഷൗക്കത്തലി, അംഗം കെ. കുര്യച്ചൻ, കെ.പി. അലക്സാണ്ടർ, ടി.പി. ബാലൻ, പി. അനിൽ പ്രസാദ്, മാധവൻ കുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.