കെ.എൻ. സതീഷ് രജിസ്ട്രേഷൻ ഐ.ജി തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെൻറ അസാന്നിധ്യത്തിൽ അദ്ദേഹത്തിെൻറ വകുപ്പിന് കീഴിലെ ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയ നടപടി മന്ത്രിസഭ യോഗം റദ്ദാക്കി. ഇതോടെ ലാൻഡ് ബോർഡ് സെക്രട്ടറി സി.എ. ലത തൽസ്ഥാനത്ത് തുടരും. മന്ത്രി ഇ. ചന്ദ്രശേഖരൻ കടുത്ത നീരസം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം തിരുത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി മുൻകൈയെടുത്തത്. ലതക്ക് പകരം ലാൻഡ് ബോർഡ് സെക്രട്ടറിയായി കഴിഞ്ഞ മന്ത്രിസഭ യോഗം നിയമിച്ച വ്യവസായ ഡയറക്ടർ കെ.എൻ. സതീഷിനെ രജിസ്ട്രേഷൻ ഐ.ജിയായി നിയമിച്ചു. രജിസ്ട്രേഷൻ ഐ.ജിയുടെ അധികചുമതലയും ലതയാണ് വഹിച്ചുവന്നിരുന്നത്. ലാൻഡ് ബോർഡ് സെക്രട്ടറിയെ മാറ്റിയ നടപടി ചീഫ് സെക്രട്ടറിക്ക് സംഭവിച്ച പിഴവാണെന്ന് മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി വിശദീകരിച്ചു. ലത രജിസ്ട്രേഷൻ ഐ.ജി ആണെന്നും ലാൻഡ് ബോർഡ് സെക്രട്ടറിയുടെ പദവി ഒഴിഞ്ഞുകിടക്കുന്നതിനാൽ അതിെൻറ അധികച്ചുമതലയാണ് അവർ വഹിച്ചിരുന്നതെന്നുമാണ് ചീഫ് സെക്രട്ടറി ധരിച്ചത്. കെ.എൻ. സതീഷിന് നിയമനം നൽകേണ്ടിവന്നപ്പോൾ അധികച്ചുമതലയുള്ള തസ്‍തികയെന്നു തെറ്റിദ്ധരിച്ച് ലാൻഡ് ബോർഡ് സെക്രട്ടറിയായി നിയമിക്കുകയായിരുന്നു. തീരുമാനം തിരുത്തുന്നതോടെ പ്രശ്നം അവസാനിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് സമർപ്പിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചു. കരട് ആരോഗ്യനയവും മന്ത്രിസഭ അംഗീകരിച്ചു. സമഗ്ര ആരോഗ്യനയം രൂപവത്കരിക്കുന്നതിന് ഡോ. ബി. ഇക്ബാല്‍ ചെയര്‍മാനായി രൂപവത്കരിച്ച 17 അംഗ വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തില്‍ തയാറാക്കിയ കരട് നയത്തിൽ സ്കൂളുകളിൽ വാക്സിനേഷൻ നിർബന്ധമാക്കണമെന്ന ശിപാർശയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.