കോട്ടക്കൽ/മലപ്പുറം: ജില്ലയിൽ ഭൂമിക്ക് അടിയിൽ നിന്നും ഭായനകമായ ശബ്ദം കേട്ടത് സംബന്ധിച്ച് പരിശാധന നടത്താൻ ഭയാശങ്കയിൽ നാട്ടുകാർ വിദഗ്ധ സംഘം ഇന്നെത്തും. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തും.
ഭൂമിക്കടിയിൽനിന്ന് ഭീകര ശബ്ദമാണ് കേട്ടതെന്ന് മുൻ ഗ്രാമപഞ്ചായത്തംഗം ഉമ്മാട്ടു കുഞ്ഞീതു പറഞ്ഞു. ‘ഇന്നലെ രാത്രി 11.20 ഓടെയാണ് സംഭവം. ഞാൻ തറയിൽ നിൽക്കുമ്പോൾ എന്തോ പൊട്ട്ണ രീതിയിൽ സൗണ്ട് കേട്ടു. കാലിലൊക്കെ ഒരുതരിപ്പ് കയറി. വീടാകെ വിറയൽ ഉണ്ടായി. അടുത്ത വീട്ടിലൊക്കെ വിളിച്ചപ്പോൾ അവരും സമാന അനുഭവം പറഞ്ഞു. ചെമ്മാട്, വേങ്ങര തുടങ്ങിയ സ്ഥലങ്ങളിലും പ്രശ്നമുണ്ടായിരുന്നു. ഭൂമിയുടെ അടിയിൽ കരിമരുന്ന് പ്രയോഗം നടത്തുന്നത് പോലെയുള്ള ശബ്ദമാണ് കേട്ടത്. ആളുകൾ പരിഭ്രാന്തരായി മുറ്റത്തിറങ്ങി’ -അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 11.20 ഓടെയാണ് സംഭവം. ശബ്ദം കേട്ട് പലരും വീട് വിട്ട് രാത്രിയിൽ വെളിയിലിറങ്ങിയിരുന്നു. ചില വീടുകളിൽ അടച്ചിട്ട ജനലുകളും കുലുങ്ങിയതോടെ പരിഭ്രാന്തി കൂടുകയായിരുന്നു. ചിലർക്ക് കാലിൽ ചെറിയ തരിപ്പ് അനുഭവപ്പെട്ടു.
വേങ്ങര, കോട്ടക്കൽ, ഒതുക്കുങ്ങൽ, എടരിക്കോട്, പാലച്ചിറമാട് ,പറപ്പൂർ, ചങ്കുവെട്ടി, കോഴിച്ചിന, ഊരകം, എന്നിവിടങ്ങളിലെല്ലാം സമാനസംഭവം ഉണ്ടായി. എവിടെയും അപകടങ്ങൾ സംഭവിച്ചിട്ടില്ല. ചില വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീടുകളിൽ സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ശബ്ദവും വിറയലും വ്യക്തമാണ്.
2022 ഒക്ടോബർ 11നും സമാനമായ ശബ്ദം മേഖലയിൽ നിന്നും അനുഭവപ്പെട്ടിരുന്നു. ഭൂമികുലുക്കമാണെന്ന് കരുതി ജനം വീടു വിട്ടിറങ്ങിയിരുന്നു. ഇതേരീതിയിലാണ് ഇന്നലെയും സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.