ഭാരതിയാർ സർവകലാശാല വി.സിയുടെ ജാമ്യാപേക്ഷ തള്ളി

ഭരണനിർവഹണത്തിന് മൂന്നംഗ സമിതി പ്രഫ. ധർമരാജൻ സസ്പെൻഷനിൽ കോയമ്പത്തൂർ: അധ്യാപക നിയമനത്തിന് 30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റിലായ ഭാരതിയാർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. എ. ഗണപതി, പ്രഫ. ധർമരാജൻ എന്നിവരുടെ ജാമ്യാപേക്ഷ കോയമ്പത്തൂർ പ്രത്യേക വിജിലൻസ് കോടതി തള്ളി. അതിനിടെ വി.സിയെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ തരണമെന്നാവശ്യപ്പെട്ട് വിജിലൻസ് പൊലീസ് കോടതിയിൽ ഹരജി നൽകി. ഇതുമായി ബന്ധപ്പെട്ട എതിർ സത്യവാങ്മൂലം വെള്ളിയാഴ്ച സമർപ്പിക്കാമെന്ന് അഡ്വ. ജ്ഞാനഭാരതി പറഞ്ഞു. തുടർന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ജഡ്ജി ജോൺമിനോ ഉത്തരവിട്ടു. കസ്റ്റഡിയിൽ വിടണമെന്ന പൊലീസി​െൻറ ഹരജിയിന്മേലുള്ള വാദം വെള്ളിയാഴ്ചത്തേക്ക് മാറ്റി ഉത്തരവിട്ടു. സർവകലാശാലയിലെ ഭരണ പ്രതിസന്ധി ഒഴിവാക്കുന്നതി​െൻറ ഭാഗമായി വ്യാഴാഴ്ച തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുനിൽ പാലിവാലി​െൻറ അധ്യക്ഷതയിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം ചേർന്നു. ഭരണനിർവഹണത്തിനായി സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി രൂപവത്കരിച്ചു. പ്രഫ. തിരുനാവുക്കരശു, പ്രഫ. ജയകുമാർ എന്നിവരാണ് മറ്റംഗങ്ങൾ. വൈസ് ചാൻസലറുടെ മുഴുവൻ അധികാരങ്ങളും ഇൗ സമിതിക്കുണ്ടാകും. മുഴുവൻ നിയമനങ്ങളും അനധികൃത ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സുനിൽ പാലിവാൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അഴിമതിക്ക് കൂട്ടുനിന്ന പ്രഫ. ധർമരാജനെ സസ്പെൻഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു. അനധികൃത നിയമനങ്ങൾക്ക് സിൻഡിക്കേറ്റ് അംഗീകാരം നൽകിയതിനാൽ മുഴുവൻ സിൻഡിക്കേറ്റ് അംഗങ്ങളും അന്വേഷണ പരിധിയിൽവരുമെന്ന് പൊലീസ് അറിയിച്ചു. താൽക്കാലിക നിയമനം, പ്രമോഷൻ, നിർമാണ പ്രവൃത്തികളുടെ ടെൻഡർ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടുകളും പുറത്തുവരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.