സീതാർകുണ്ട് പദ്ധതി: സാധ്യത പഠനം നടത്തും -മന്ത്രി കൊല്ലങ്കോട്: സീതാർകുണ്ട് പദ്ധതി സാധ്യതയെക്കുറിച്ച് പഠനം നടത്തുമെന്ന് സർക്കാർ. ചുള്ളിയാർ ഡാമിലെ ജലലഭ്യത ഉയർത്തി അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന് കെ. ബാബു എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷനു മറുപടിയായിട്ടാണ് മന്ത്രി മാത്യു ടി. തോമസ് സീതാർകുണ്ട് പദ്ധതി സാധ്യത പഠനം നടത്തുമെന്ന് നിയമസഭയിൽ അറിയിച്ചത്. പദ്ധതി നടപ്പായാൽ കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി, പല്ലശ്ശന, വടവന്നൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകും. നിലവിൽ മീങ്കര ശുദ്ധജല പദ്ധതിയിലൂടെയാണ് പല്ലശ്ശന ഒഴികെ നാല് പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടക്കുന്നത്. വേനലിൽ ജലവിതരണം തടസ്സപ്പെടുന്ന അവസ്ഥ മുൻനിർത്തി തെന്മലയിലെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ നിന്നുള്ള ജലം ചുള്ളിയാർ ഡാമിലും മീങ്കര ഡാമിലും എത്തിച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്തണമെന്ന ആവശ്യം ശക്തമായിരുന്നു. ചുള്ളിയാർ ഡാമിലെ സംഭരണ ശേഷി 13.7 എം.എം 3 ആയിരുന്നത് ചളിയും മണലും അടിഞ്ഞതു മൂലം 0.5 ദശലക്ഷം ഘനമീറ്റർ വ്യാപ്തി നഷ്ടമുണ്ടായിട്ടുണ്ട് . അടിഞ്ഞുകൂടിയ ചളിയും മണലും നീക്കം ചെയ്ത് പൂർണ സംഭരണ ശേഷി പുനഃസ്ഥാപിക്കുവാൻ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മീങ്കര ഡാമിൽ 11.33 എം.എം 3 ഉണ്ടായിരുന്ന ജല സംഭരണ ശേഷി ചളിയും മണലും അടിഞ്ഞതുമൂലം 1.45 ദശലക്ഷം ഘനമീറ്റർ വ്യാപ്തി നഷ്ടം ഉണ്ടായതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പൈലറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മംഗലം ചുള്ളിയാർ ഡാമുകളിലെ അടിഞ്ഞുകൂടിയ ചളിയും മണലും നീക്കം ചെയ്യുമെന്നും ശേഷം മീങ്കരയെ ഉൾപ്പെടുത്തുമെന്ന് കെ. ബാബു എം.എൽ.എക്ക് നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. സീതാർകുണ്ട് സാധ്യത പ്രയോജനപ്പെടുത്തി പ്രദേശത്തെ ജലക്ഷാമത്തിന് പരിഹാരം കാണണമെന്ന് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.