അലനല്ലൂര്‍: എടത്തനാട്ടുകര ചളവ കുറ്റിക്കാടന്‍ മലനിരയില്‍ ആരംഭിക്കാനിരിക്കുന്ന ക്വാറി ക്രഷര്‍ യൂനിറ്റിനെതിരെ ജനകീയ പ്രതിരോധവുമായി നാട്ടുകാർ. സൈലൻറ് വാലി സംരക്ഷിത വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന കുറ്റിക്കാടന്‍ മലനിരയില്‍ ക്രഷര്‍ യൂനിറ്റിനായി ചളവ പ്രദേശത്തെ നൂറുക്കണക്കിന് ഏക്കർ ഭൂമി ഭൂഖനന മാഫിയ കൈയടക്കിയിരുന്നു. കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന ഭൂമിയാണ് അനധികൃതമായി കൈവശപ്പെടുത്തിയത്. കാലങ്ങളായി സർവേ നടപടികള്‍ പൂര്‍ത്തിയാകാതെ കിടക്കുന്ന പ്രദേശത്ത് വനം, റവന്യൂ വകുപ്പുകളുടെ അധീനതയിലുള്ള പ്രദേശങ്ങളുമുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നിർദിഷ്ട പ്രദേശത്ത് 60 വര്‍ഷം പഴക്കമുള്ളതും എഴുനൂറോളം കുട്ടികള്‍ പഠിക്കുന്നതുമായ സര്‍ക്കാര്‍ യു.പി. സ്‌കൂളും പൊന്‍പാറയില്‍ ഒരു എൽ.പി സ്‌കൂളും ഉണ്ട്. കൂടാതെ എട്ട് ആരാധനാലയങ്ങളും മൂന്ന് അംഗൻവാടികളും മൂന്ന് പട്ടികജാതി കോളനികളും രണ്ട് പട്ടികവര്‍ഗ കോളനികളും രണ്ട് വായന ശാലകളും ഈ പ്രദേശത്തുണ്ട്. താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള ചളവ, പൊന്‍പാറ, മൂനാടി പ്രദേശങ്ങളിൽ ആയിരത്തിലധികം വീടുകളിലായി ആറായിരത്തോളം പേർ താമസിക്കുന്നുണ്ട്. പദ്ധതിക്കെതിരെ ജനകീയ പ്രതിരോധ സമിതി രൂപവത്കരിച്ച് പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ കൈയേറ്റ ഭൂമിയില്‍ നിന്നുത്ഭവിക്കുന്ന കാട്ടരുവിയില്‍ കൊടി കുത്തി പ്രതിഷേധം രേഖപ്പെടുത്തി. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 1000ത്തോളം പേര്‍ അണിനിരന്ന പ്രതിഷേധമാർച്ച് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ സംസ്ഥാന പ്രസിഡൻറ് മോഹന്‍ ഐസക് ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ എം.പി. സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പാറോക്കോട്ട് റഫീഖ, എസ്.ടി.യു സംസ്ഥാന സമിതി അംഗം കെ.ടി. ഹംസപ്പ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പാറോേക്കാട്ട് അഹമ്മദ് സുബൈർ, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.വി. സെബാസ്റ്റ്യന്‍, സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി അനിരുദ്ധൻ, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ചേലോക്കോടന്‍ സെയ്ത്, അഡ്വ. എ. സത്യനാഥന്‍, പി. ഗോപാലകൃഷ്ണന്‍, അബ്ദു മറ്റത്തൂര്‍, സി. പ്രതീഷ് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കൗണ്‍സില്‍ ട്രഷറര്‍ മുസ്തഫ കമാല്‍ കൊടക്കാടൻ, വിജേഷ് ആല്‍പ്പാറ, വി. ഷൈജു, അഡ്വ. ബെന്നി അഗസ്റ്റ്യന്‍, റഫീഖ് കൊടക്കാട്ട്, അബ്ബാസ് ചേലോക്കോടന്‍, യു. ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.