മകരക്കൊയ്ത്തിനിടെ മഴപ്പെയ്ത്ത്; തലയിൽ കൈ​െവച്ച് കർഷകർ

ഷൊർണൂർ: മകരക്കൊയ്ത്തിനിടെ ചൊവ്വാഴ്ച രാത്രി പെയ്ത കനത്ത മഴ നെൽകർഷകർക്ക് ഇരുട്ടടിയായി. അപ്രതീക്ഷിതമായി പെയ്ത് തുടങ്ങിയ മഴ കനക്കുകയും മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ചെയ്തതോടെ പലരും വലഞ്ഞു. കൊയ്ത് പാടത്തിട്ട നെൽച്ചുരുട്ടുകൾ മഴയിൽ കുതിർന്നു. ചിലർ മെതിച്ച നെല്ലും പാടത്തിട്ടിരുന്നു. വീടുകളിലെത്തിച്ച് ഉണക്കാൻ മുറ്റത്തും മറ്റും നെല്ല് പരത്തിയിട്ടവരും അങ്കലാപ്പിലായി. യന്ത്രമുപയോഗിച്ച് നെല്ല് കൊയ്ത് പാടത്ത് കൂട്ടിയിട്ട വൈക്കോലും മഴയിൽ കുതിർന്നു. പാടങ്ങളിൽ വെള്ളം കെട്ടിനിന്നത് കൂടുതൽ നഷ്ടമുണ്ടാക്കി. വൈക്കോൽ വിറ്റ് ലഭിക്കുന്ന തുകയാണ് പലപ്പോഴും നെൽകർഷകർക്ക് ലാഭമായി ലഭിക്കാറുള്ളത്. അപ്രതീക്ഷിത മഴ ഈ പ്രതീക്ഷ അസ്ഥാനത്താക്കി. കുരുമുളക്, മഞ്ഞൾ, കൊപ്ര, പുളി എന്നിവ ഉണക്കാനിട്ടവരുടെ കാര്യവും മറിച്ചായിരുന്നില്ല. വാരിയെടുക്കുമ്പോഴേക്കും ശക്തമായ മഴയിൽ എല്ലാം നനഞ്ഞ് കുതിർന്നു. ഉത്സവകാലമായതിനാൽ ഇണക്കാളകൾ അടക്കമുള്ള കെട്ടുകാഴ്ച കോപ്പുകളുടെ പണി തകൃതിയായി നടക്കുകയാണ്‌. ഇവരെയും മഴ ബാധിച്ചു. മഴ നനയാൻ പാടില്ലാത്ത ഇണക്കാളകളുടെ വർണഭംഗിയേറ്റുന്ന മാലകളും ആർച്ചും തലയും മറ്റും നാശമായി. നഷ്ടത്തിന് പുറമെ ഇവ നന്നാക്കിയെടുക്കാൻ സമയമില്ലാത്തത് പ്രയാസം ഇരട്ടിയാക്കി. കെട്ടിട നിർമാണ മേഖലയെയും കനത്ത മഴ ബാധിച്ചു. രാത്രിയോടെ കോൺക്രീറ്റ് കഴിഞ്ഞ കെട്ടിടങ്ങളുടെ ഉടമസ്ഥരും കരാറുകാരും വെപ്രാളത്തിലായി. മഴ പരക്കെ പെയ്തതിനാൽ എവിടെയും ടാർപായ ലഭിക്കാത്തതാണ് ഇവരെ വലച്ചത്. എങ്കിലും വേനൽ കനത്തതോടെ ഉണക്കം ബാധിച്ച് തുടങ്ങിയ വൃക്ഷലതാദികൾക്കും മറ്റും മഴ അനുഗ്രഹമായി. പാടങ്ങൾ കുതിർന്നതോടെ ട്രാക്ടറിറങ്ങി പൂട്ടാനും തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.