പാലക്കാട്: രണ്ട് ദിവസമായി മഴക്ക് ഒരുവിധം ശമനമാവുകയും മലമ്പുഴയിലെ ഷട്ടർ കുറേക്കൂടി താഴ്ത്തുകയും ചെയ്തതോടെ മഹാപ്രളയ ദുരിതത്തിൽ ഉഴലുകയായിരുന്ന ജില്ല സാധാരണ നിലയിലേക്ക്. എന്നാൽ, ദുരിതത്തിന് ഇപ്പോഴും അറുതിയായിട്ടില്ല. വൻ നാശനഷ്ടം സംഭവിച്ച കൃഷിയിടങ്ങളുടെ ദുരവസ്ഥക്കും മാറ്റമുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഉരുൾപൊട്ടലുകൾ നെല്ലിയാമ്പതിയെ പുറം ലോകത്ത് നിന്ന് പൂർണമായി അകറ്റി. വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനവും താറുമാറായതോടെ ഒരു തരത്തിലും ബന്ധപ്പെടാനാകുന്നില്ല. രണ്ട് ദിവസത്തിനുള്ളിൽ ജീപ്പ് ഗതാഗതം നടത്താൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ചുരമിടിഞ്ഞതോടെ അട്ടപ്പാടിയും ഒറ്റപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ അട്ടപ്പാടിയിൽ ഭാഗികമായി ഗതാഗത സംവിധാനം ഒരുക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ദേശീയപാതയിലെ കുതിരാനിൽ മണ്ണിടിഞ്ഞത് നീക്കുന്നത് തുടരുകയാണ്. കുതിരാനിലൂടെയുള്ള ഗതാഗതം താറുമാറായതോടെ ചരക്കുകടത്ത് ബുദ്ധിമുട്ടിലായി. ചുരം ഇടിഞ്ഞതോടെ അട്ടപ്പാടി മേഖലയും ഒറ്റപ്പെട്ടിരിക്കുകയാണ്. വെള്ളക്കെട്ടിന് ശമനമായതോടെ ഗതാഗതം ഭാഗികമായി ആരംഭിച്ചു. പാലക്കാട്-കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവിസ് നടത്തി. മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം, തൃശൂർ, പട്ടാമ്പി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തി. ഗുരുവായൂരിലേക്കുള്ള സർവിസ് പട്ടാമ്പിയിൽ അവസാനിപ്പിച്ചു. മധുര, തിരുനെൽവേലി വഴി പാലക്കാടുനിന്നും കോയമ്പത്തൂരിൽനിന്നും തിരുവനന്തപുരത്തേക്ക് ഓരോ സർവിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.