അഗളി: അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് വേട്ടക്ക് പോയ വനപാലകർ കനത്ത മഴയെതുടർന്ന് വനത്തിൽ രണ്ടുനാൾ ഒറ്റപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് വനംവകുപ്പ് മുക്കാലി റേഞ്ചിൽനിന്ന് ഏഴംഗ സംഘം റെയ്ഡിന് പുറപ്പെട്ടത്. സൈലൻറ് വാലി ബഫർസോൺ വനമേഖലയിലെ തുടുക്കി മലനിരകളിലാണ് ഇവർ കുടുങ്ങിയത്. മൊബൈൽ ഫോൺ സിഗ്നൽ ലഭിക്കാതെ വന്നതോടെ വകുപ്പ് അധികൃതരുമായോ പുറംലോകവുമായോ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ചൊവ്വാഴ്ച വൈകീട്ടോടെ സംഘം മേലെ തുടുക്കിയിൽ എത്തിച്ചേർന്നെങ്കിലും കനത്ത മഴയെതുടർന്ന് ഭവാനിപ്പുഴ കടക്കാനായില്ല. ഭക്ഷ്യവസ്തുക്കൾ മഴവെള്ളത്തിൽ ഒലിച്ചുപോവുകയും ചെയ്തതോടെ ഭക്ഷണമില്ലാതെ രാത്രി ഇരുന്നുറങ്ങി. നേരം പുലർന്നതോടെ മേലെ തുടുക്കി ആദിവാസി ഊരുവാസികളിൽനിന്ന് അരി വാങ്ങി പാചകം ചെയ്ത് കഴിച്ചു. കനത്ത മഴയിൽ ഈ പ്രദേശത്തുള്ള ഇടവാണി, ഭൂതാർ, തുടുക്കി, ഗലസി എന്നീ ഊരുകളെല്ലാം ഒറ്റപ്പെട്ടിരിക്കുകയാണെന്ന് വനപാലകർ പറഞ്ഞു. മുക്കാലി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ അഭിലാഷ്, സിവിൽ ഫോറസ്റ്റ് ഓഫിസർ പാഞ്ചൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ ജിനു, വാച്ചർമാരായ കണ്ണൻ, മല്ലീശ്വരൻ, അനിൽകുമാർ, റസാഖ് എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. യാത്രസംഘത്തിലെ ഒരാൾ ശാരീരിക അസ്വസ്ഥതകളാൽ പിൻമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.