ഹബ്ശി സാദാത്തുക്കളുടെ വേരുകൾ തേടി അമേരിക്കൻ സംഘമെത്തി

തിരൂരങ്ങാടി: പ്രവാചക പരമ്പരയിലെ പ്രമുഖ കുടുംബമായ ഹബ്ശി സാദാത്തുക്കളെക്കുറിച്ച് പഠനം നടത്താൻ അമേരിക്കയിലെ ഗവേഷകസംഘം തിരൂരങ്ങാടിയിലെത്തി. ന്യൂയോർക്ക് സർവകലാശാലയിലെ പ്രഫ. സാമുവൽ ആൻഡേഴ്സൺ, പെൻസിൽവാനിയ സ്റ്റേറ്റ് സർവകലാശാലയിലെ പ്രഫ. നീലിമ ചന്ദ്രൻ എന്നിവരാണ് മമ്പുറത്തെത്തിയത്. ഇന്തോനേഷ്യൻ ബന്ധങ്ങൾ, ഇന്ത്യയിലെ തെക്ക് കിഴക്കൻ തീരങ്ങളിൽ ആഫ്രിക്കയിൽനിന്ന് കുടിയേറിപ്പാർത്തവരുടെ ചരിത്രം, സംസ്കാരം, ജീവിതരീതി എന്നിവ അന്വേഷിക്കുകയാണിവർ. ലോകതലത്തിൽ പഠിപ്പിക്കപ്പെടുന്ന ഇസ്ലാമിക ചരിത്രത്തിൽ മുഹമ്മദ് നബിയുടെ സന്താനപരമ്പരയായ ഹബ്ശി കുടുംബത്തെക്കുറിച്ച് പ്രാഥമികമായി പരാമർശിക്കുന്നുണ്ട്. ഈ കുടുംബത്തിലെ ഇന്നത്തെ തലമുറ താമസിക്കുന്ന കക്കാട്ടെ വീടും തിരൂരങ്ങാടി വലിയപള്ളിക്ക് സമീപത്തെ ഹബ്ശി മഖാമും ഇവർ സന്ദർശിച്ചു. യമനിലെ ഹളർ മൗത്തിൽ നിന്നാണ് ഹബ്ശി തങ്ങൻമാർ കേരളത്തിലെത്തിയത്. തിരൂരങ്ങാടിയിൽ ഈ കുടുംബത്തിന് ഇരുന്നൂറ് വർഷത്തെ പഴക്കമുള്ളതായി തെളിയിക്കുന്ന സിൽസില (പരമ്പര) രേഖയും ഇവർക്ക് ലഭിച്ചു. ഹബ്ശി കുടുംബാംഗമായ ജുനൈദ് തങ്ങൾ കക്കാട്, പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. പി.പി. അബ്ദുറസാഖ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. തിരൂരങ്ങാടിയിലെത്തിയ അമേരിക്കൻ ഗവേഷക സംഘം മമ്പുറം ഹബ്ശി മഖാം സന്ദർശിക്കാനെത്തിയപ്പോൾ പി.എസ്.എം.ഒ കോളജ് ചരിത്രവിഭാഗം മേധാവി ഡോ. പി.പി. അബ്ദുറസാഖ്, ഹബ്ശി കുടുംബാംഗം ജുനൈദ് തങ്ങൾ കക്കാട് എന്നിവർ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.