*പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി കുമ്പളപ്പാറ, വാണിയംപുഴ, തണ്ടന്‍കല്ല് കോളനികളിലെ നിരവധി പേർ ദുരിതത്തിൽ എടക്കര: ജില്ല കലക്ടറുടെ പ്രശ്നപരിഹാര അദാലത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്ക് ലഭിച്ചത് വെള്ള കാര്‍ഡ്, പൊതുവിതരണ കേന്ദ്രങ്ങളില്‍നിന്ന് അരി ലഭിക്കാതെ കര്‍ക്കിടക മാസത്തില്‍ ആദിവാസികള്‍ ദുരിതത്തില്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരി കുമ്പളപ്പാറ, വാണിയംപുഴ, തണ്ടന്‍കല്ല് കോളനികളിലെ നിരവധി ആദിവാസികള്‍ക്കാണ് പൊതു വിഭാഗത്തില്‍പെട്ട കാര്‍ഡ് ലഭിച്ചിട്ടുള്ളത്. കുമ്പളപ്പാറ കോളനിയിലെ മാതി, മിനി രാഘവന്‍, സുമിത്ര സുനില്‍, അമല ദിലീപ്, ചീരു, തണ്ടന്‍കല്ല് കോളനിയിലെ സുമിത്ര, ബിന്ദു വാസു, കാടപ്പെണ്ണ്, ലാലു, വാണിയംപുഴ കേളനിയിലെ ബാലന്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വെള്ള കാര്‍ഡ് ലഭിച്ചത്. കാര്‍ഡുമായി പൊതുവിതരണ കേന്ദ്രത്തില്‍ എത്തിയപ്പോഴാണ് പൊതു വിഭാഗത്തില്‍പെട്ട കാര്‍ഡുകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഇവർ അറിയുന്നത്. പൊതു വിഭാഗത്തില്‍പെട്ട കാര്‍ഡ് കിട്ടിയ ചിലര്‍ നിലമ്പൂരിലുള്ള പട്ടിക വര്‍ഗ വികസന വകുപ്പ് ഓഫിസില്‍ പോയി ഓഫിസറുടെ സീലും ഒപ്പും കാര്‍ഡില്‍ രേഖപ്പെടുത്തി വാങ്ങി. തുടര്‍ന്ന് റേഷന്‍ കടയില്‍ എത്തിയിട്ടും ഇവര്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ ലഭിച്ചില്ല. ഏറെ കാത്തിരിപ്പിനൊടുവിലാണ് ജില്ല കലക്ടര്‍ കോളനിയില്‍ നടത്തിയ അദാലത്തില്‍ ഇവര്‍ക്ക് കാര്‍ഡ് ലഭിച്ചത്. കര്‍ക്കിടക മാസവും കനത്ത മഴയും ദുരിതത്തിലാക്കിയതിന് പുറമെയാണ് ഉദ്യോഗസ്ഥ അനാസ്ഥ ആദിവാസികളെ പട്ടിണിയിലേക്ക് തള്ളിവിടുന്നത്. ഇതിന് പുറമെ സ്വന്തമായി റേഷന്‍ കാര്‍ഡില്ലാത്തതും ആധാർ കാര്‍ഡില്ലാത്തതുമായ നിരവധി ആദിവാസി കുടുംബങ്ങള്‍ മുണ്ടേരി വനത്തിലെ കോളനികളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.