നെല്ലിയാമ്പതിയിൽ ചട്ടങ്ങൾ ലംഘിച്ച് നക്ഷത്രഹോട്ടൽ പണിയാൻ രഹസ്യനീക്കം

പാലക്കാട്: ഭരണകക്ഷി നിയന്ത്രണത്തിലുള്ള സഹകരണ സംഘത്തി​െൻറ നെല്ലിയാമ്പതിയിലെ ഭൂമിയിൽ ചട്ടംലംഘിച്ച് നക്ഷത്രഹോട്ടൽ നിർമിക്കാൻ നീക്കം. സഹകരണസംഘത്തിന് കീഴിലെ സ്ഥലത്താണ് ഹോട്ടൽ നിർമിക്കാൻ നീക്കം. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥൻ നെല്ലിയാമ്പതിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നു. റവന്യൂ, കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തതായാണ് സൂചന. ഹോട്ടൽ നിർമിക്കാൻ നിയമപരമായിട്ടുള്ള പ്രതിസന്ധി പരിഹരിക്കാനായിരുന്നു യോഗം. ഏകദേശം 20 കോടി രൂപയുടേതാണ് പ്രോജക്ട്. നെല്ലിയാമ്പതി ഓറഞ്ച് ഫാമിനോട് ചേർന്ന കൃഷി വകുപ്പി​െൻറ ഉടമസ്ഥതയിലുള്ള 50 സ​െൻറ് സ്ഥലം 1987ലാണ് 10,700 രൂപക്ക് സഹകരണ സംഘത്തിന് നൽകിയത്. നെല്ലിയാമ്പതിയിൽ സംഘത്തിന് ബാങ്ക് തുടങ്ങാനുള്ള കെട്ടിടം നിർമിക്കാനാണ് കുറഞ്ഞവിലയ്ക്ക് ഭൂമി നൽകിയത്. ബാങ്ക് ആവശ്യങ്ങൾക്കല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് ഭൂമി ഉപയോഗിച്ചാൽ നഷ്ടപരിഹാരം നൽകാതെ സർക്കാറിന് ഏറ്റെടുക്കാമെന്ന വ്യവസ്ഥയോടെയായിരുന്നു ഭൂമി കൈമാറ്റം. 1909ൽ കൊച്ചി രാജാവ് റിസർവ് വനമായി പ്രഖ്യാപിച്ച പുലയമ്പാറ എസ്‌റ്റേറ്റിൽ ഉൾപ്പെടുന്ന ഈ ഭൂമി നിലവിൽ ഡിനോട്ടിഫിക്കേഷൻ നടത്തിയിട്ടില്ല. ഇവിടെ നിർമാണ പ്രവർത്തനത്തിന് വനം, റവന്യൂ വകുപ്പുകളുടെ എൻ.ഒ.സി അനിവാര്യമാണ്. പുറമെ, ഇത്രയും വലിയകെട്ടിടം നിർമിക്കാൻ അനുമതി ലഭിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഭൂമി കൈമാറ്റത്തിലെ വ്യവസ്ഥയും മറ്റു നിയമപരമായ പ്രശ്നങ്ങളും ഭരണസ്വാധീനം ഉപയോഗിച്ച് മറികടക്കാനാണ് നീക്കം. സഹകരണ ബാങ്ക് നഷ്ടത്തിലായതോടെയാണ് ഹോട്ടൽ നിർമാണവുമായി ബന്ധപ്പെട്ടവർ രംഗത്തെത്തിയത്. ഭാവിയിൽ കേരളത്തിലെ സുഖവാസ കേന്ദ്രമാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലൊന്നായാണ് ടൂറിസം വകുപ്പ് നെല്ലിയാമ്പതിയെ കാണുന്നത്. സർക്കാർ ഉടമസ്ഥതയിൽ വൻഹോട്ടൽ ഭാവിയിൽ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.