മഞ്ചേരി: തദ്ദേശവകുപ്പിൽ മതിയായ എൻജിനീയർ, ഒാവർസിയർ തസ്തികയില്ലാത്തതിനാൽ മരാമത്ത് വകുപ്പിൽനിന്ന് ഇവിടേക്ക് മിനിസ്റ്റീരിയൽ ജീവനക്കാരുടെ പുനർവിന്യാസം തുടരും. എൻജിനീയർമാരടക്കം 37 പേരെ തിരിച്ച് മരാമത്ത് വകുപ്പിലേക്കുതന്നെ മാറ്റിയെങ്കിലും 36 പേരെ പുതുതായി വിന്യസിച്ചു. തദ്ദേശവകുപ്പിൽത്തന്നെ നിൽക്കാനുള്ള അപേക്ഷ നൽകിയവരെ നിലനിർത്തും. കാലാവധി അവസാനിപ്പിച്ചവരുടെയും പുതുതായി പുനർവിന്യസിക്കുന്നവരുടെയും തുടരാൻ ആഗ്രഹിക്കുന്നവരുടെയും പട്ടിക പ്രസിദ്ധീകരിച്ചു. മാതൃവകുപ്പിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയവർക്ക് വിടുതൽ നൽകണം. അധികാരവികേന്ദ്രീകരണം കാര്യക്ഷമമാക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു പുനർവിന്യാസം. രണ്ട് വർഷത്തേക്കായിരുന്നു ഇത്. ആവശ്യമായ തസ്തിക പിന്നീട് സൃഷ്ടിക്കാനും തത്വത്തിൽ തീരുമാനിച്ചതാണ്. എന്നാൽ, പിന്നീട് തസ്തിക സൃഷ്ടിച്ചില്ല. പഞ്ചായത്ത്, ബ്ലോക്ക്, ജില്ല പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവിടങ്ങളിൽ നിലവിലെ സ്ഥിതി തുടരാൻ താൽപര്യമുള്ളവർക്ക് രണ്ട് വർഷം കൂടി നീട്ടിനൽകി. പുതുതായി ഡെപ്യൂട്ടേഷനിൽ വരുന്നവർക്ക് മേയ് പത്തിനകം പുതിയ കേന്ദ്രങ്ങളിൽ ജോലിയിൽ പ്രവേശിക്കാനാകും വിധം വിടുതലിന് സൗകര്യം നൽകണം. പുതുതായി എത്തുന്ന തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരാണിവർക്ക് ജോലി ഏൽപിച്ചുനൽകുക. ഏറ്റവുമടുത്ത ട്രഷറി ഡ്രോയിങ് ഒാഫിസർ വഴി ഇവർക്ക് മുടങ്ങാതെ ശമ്പളം ലഭ്യമാക്കാനും നടപടിയെടുക്കണമെന്ന് തദ്ദേശസ്ഥാപനങ്ങളോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.