ഇനിയെത്ര ജീവിതം പൊലിയണം അപകടപ്പാതയില്‍ സംരക്ഷണ ഭിത്തികെട്ടാൻ

വേങ്ങര: ഞായറാഴ്ച ചെരുപ്പടിമലയില്‍ സൂരജ് എന്ന വിദ്യാര്‍ഥി അപകടത്തില്‍ മരിച്ച കോറിക്കുഴിയില്‍ ഇതുവരെയായി ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം പത്തിലധികമായി. മലകളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലം കാണാനെത്തുന്ന വിനോദ സഞ്ചാരികളാണ് മിക്കപ്പോഴും അപകടത്തില്‍പെടുന്നത്. ചെങ്കുത്തായ മലയിലെ റോഡുകള്‍ക്ക് ഇരുവശവും അഗാധമായ ഗര്‍ത്തങ്ങളാണ്. അപകടം പിടിച്ച പാതയാണ് ഇത്. കരിങ്കല്‍ ഖനനം ചെയ്തെടുത്തുണ്ടായ അഗാധമായ കുഴികളാണ് പലപ്പോഴും അപകട മരണങ്ങള്‍ക്ക് കാരണമാവുന്നത്. ഈ കുഴികളില്‍ വീഴുന്നവരെ ജീവനോടെ കരക്കെടുക്കുക അതിസാഹസികമത്രേ. നൂറടിയിലധികം താഴ്ചയുള്ള കുഴികളില്‍ 50 അടിയോളം ആഴത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളമായിരിക്കും. കോട്ടക്കല്‍ പറമ്പിലങ്ങാടി സ്വദേശി സൂരജ് വീണ കുഴിയില്‍ വെള്ളം ശുദ്ധീകരിക്കുന്നതിനായി പായല്‍ വളര്‍ത്തിയിരുന്നു. വെള്ളം മുഴുവന്‍ പായല്‍ മൂടി കിടക്കുന്നതിനാല്‍ വെള്ളത്തില്‍ ഇറങ്ങി തപ്പുന്നതും ശ്രമകരമാണ്. ഇതുവരെയായി പത്തിലധികം പേര്‍ ഒരേ കുഴിയില്‍ അപകടത്തില്‍പെട്ട് മരിച്ചിട്ടും ഈ റോഡിനു വശങ്ങളില്‍ പാര്‍ശ്വഭിത്തി കെട്ടുന്നതിനോ മറ്റു സുരക്ഷമാര്‍ഗങ്ങള്‍ ഒരുക്കുന്നതിനോ താൽപര്യം കാണിക്കാത്ത അധികൃതര്‍ക്കെതിരെ ജനരോഷം ഉയരുന്നുണ്ട്. പ്രധാനമന്ത്രി സഡക് യോജന പദ്ധതി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാര്‍ ചെയ്ത റോഡില്‍ പിന്നീട് കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ല. റോഡി‍​െൻറ ഇരു വശങ്ങളിലും ഗര്‍ത്തങ്ങളുള്ള ഭാഗത്തെങ്കിലും ഒരു മീറ്റര്‍ ഉയരത്തില്‍ പാർശ്വഭിത്തി കെട്ടിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന അപകടങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം ആവർത്തിക്കുന്നതെന്ന് സമീപവാസികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.