എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ കടമ നിർവഹിക്കണം പട്ടാമ്പി: എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഈ അധ്യയനവർഷം നടന്ന അധ്യാപക നിയമനങ്ങളിൽ സെപ്റ്റംബർ 28നകം തീർപ്പ് കൽപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശം. അനാവശ്യ സംശയങ്ങളുന്നയിച്ച് നിയമനങ്ങളിൽ തീരുമാനമെടുക്കാതിരിക്കുന്നത് അധ്യാപക ദ്രോഹമാണെന്നും സെപ്റ്റംബർ ഏഴിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. എയ്ഡഡ് സ്‌കൂളുകളിൽ മാനേജർമാർ സമർപ്പിച്ച നിയമനാംഗീകാര നിർദേശങ്ങളിൽ കെ.ഇ.ആർ ചട്ടങ്ങളും ഉത്തരവുകളുമനുസരിച്ച് തീരുമാനമെടുക്കേണ്ടത് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാരാണ്. അത് നിർവഹിക്കുന്നതിന് പകരം ആവശ്യമില്ലാത്ത സംശയങ്ങളുന്നയിച്ച് ഡയറക്ടറേറ്റിലേക്ക് കത്തെഴുതുന്നത് ഒളിച്ചോട്ടമാണ്. തസ്തികനിർണയം നടക്കാത്ത വർഷങ്ങളിൽ സംശയമുന്നയിച്ചാൽ മനസ്സിലാക്കാം. എന്നാൽ, ഇത് കഴിഞ്ഞിട്ടും നിയമനം അംഗീകരിക്കാൻ സർക്കാറിൽനിന്നോ ഡയറക്ടറേറ്റിൽനിന്നോ നിർദേശം കാത്തിരിക്കുന്നത് അധ്യാപക ദ്രോഹമാണ്. 2017--18ലെ നിയമനാംഗീകാര ഫയലുകളിൽ സെപ്റ്റംബർ 28നകം തീരുമാനമെടുക്കാൻ വിദ്യാഭ്യാസ ഓഫിസർമാർ അടിയന്തര നടപടി സ്വീകരിക്കണ൦. ഇതിനായി എയ്ഡഡ് സ്‌കൂൾ വിഷയം കൈകാര്യം ചെയ്യുന്ന ക്ലർക്കുമാർക്കും സൂപ്രണ്ടുമാർക്കും ജില്ലതലത്തിൽ ഡി.ഡി.ഇമാർ ഏകദിന പരിശീലനം സംഘടിപ്പിക്കണം. മതിയായ കാരണമില്ലാതെ നിയമനാംഗീകാര ഫയലുകളിൽ തീരുമാനമെടുക്കാത്ത വിദ്യാഭ്യാസ ഓഫിസർമാർക്കെതിരെ കർശന നടപടിക്ക് ശിപാർശ ചെയ്യാൻ ഡി.ഡി.ഇമാരോട് ആവശ്യപ്പെട്ടു. നിർദേശങ്ങളിൽ ചെറുതും തിരുത്താൻ കഴിയുന്നതുമായ തെറ്റ് ചൂണ്ടിക്കാട്ടി അംഗീകാരം നിരസിക്കരുതെന്ന് നിരവധി നിർദേശം നൽകിയിട്ടും ചില വിദ്യാഭ്യാസ ഓഫിസർമാർ ശ്രദ്ധിക്കാത്തത് ഖേദകരമാണെന്നും നിർദേശത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.