മഞ്ചേരി: നിയമ പോരാട്ടത്തിലൂടെ നേടിയെടുത്ത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു. മഞ്ചേരി പട്ടികജാതി സർവിസ് സഹകരണ സംഘത്തിനും അഞ്ച് എസ്.സി വീടുകൾക്കുമാണ് സംസ്ഥാന പട്ടികജാതി-പട്ടിക ഗോത്ര വർഗ കമീഷെൻറ ഉത്തരവ് പ്രകാരം കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ളം ലഭിച്ചത്. സംഘം ഒാഫിസിലേക്ക് കുടിവെള്ള കണക്ഷൻ ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും പ്രധാന ലൈൻ നീട്ടാൻ പണം അടക്കണം എന്നായിരുന്നു അധികൃതരുടെ നിലപാട്. നഗരസഭയെയും ജില്ല കലക്ടറെയും ബന്ധപ്പെട്ടപ്പോൾ ഇതേ നിലപാട് സ്വീകരിച്ചു. ഇതിനെ ചോദ്യം ചെയ്ത് 2014ൽ സംഘം പ്രസിഡൻറ് തിരുവനന്തപുരം പട്ടികജാതി-പട്ടിക ഗോത്ര വർഗ കമീഷനിൽ പരാതി നൽകി. പ്രധാന ലൈൻ നീട്ടി കണക്ഷൻ നൽകാൻ കോടതി ഉത്തരവായി. പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. കെ. സോമപ്രസാദ് എം.പി നിർവഹിച്ചു. സംസ്ഥാന പട്ടികജാതി-പട്ടിക വർഗ സഹകരണ വികസന ഫെഡറേഷൻ പ്രസിഡൻറ് വേലായുധൻ പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ ടി. സുന്ദരൻ റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ കെ. സിവ്ന്തർ ഹദായത്ത്, കെ.സി. കൃഷ്ണദാസ് രാജ, എസ്.സി എസ്.ടി ഫെഡറേഷൻ ഡയറക്ടർ പി.പി. ലക്ഷ്മണൻ, സംഘം പ്രസിഡൻറ് രാജൻ പരുത്തിപ്പറ്റ, സെക്രട്ടറി കെ. സരസ്വതി എന്നിവർ സംസാരിച്ചു. പത്ത് ജനറൽ വീടുകൾക്ക് ഉടൻ ഇൗ സ്കീമിൽനിന്ന് കണക്ഷൻ നൽകുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.