കരാറുകാരുമായുള്ള ചർച്ച അലസി മലപ്പുറം: 14 മാസമായി പ്രവൃത്തികൾക്ക് പണം നൽകാത്തതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിറ്റി കരാറുകാർ നടത്തുന്ന സമരം ഏഴുദിവസം പിന്നിട്ടതോടെ ജില്ലയിലെ കുടിവെള്ളവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. വിതരണ പൈപ്പുകളിൽ അടിക്കടി വന്ന ചോർച്ച പരിഹരിക്കാൻ ആളില്ലാതായതോടെ കാളികാവ് മധുമല പദ്ധതിയിൽ നിന്നുള്ള ജലവിതരണം പൂർണമായും നിർത്തി. കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലേക്ക് പൂർണമായും വണ്ടൂർ പഞ്ചായത്തിൽ ഭാഗികമായും ജലവിതരണം ഈ പദ്ധതിയിൽ നിന്നാണ്. പ്രധാന പൈപ്പുകളിലാണ് ചോർച്ചയെന്നതിനാൽ പമ്പിങ് നിർത്തുകയല്ലാതെ വേറെ വഴിയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അറ്റകുറ്റപ്പണി പോലും കരാറുകാർ ബഹിഷ്കരിച്ചതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും സമാന പ്രശ്നങ്ങളാണുള്ളത്. മലപ്പുറം ഡിവിഷന് കീഴിൽ അഞ്ചിടങ്ങളിലാണ് പൈപ്പിൽ ചോർച്ചയുള്ളത്. തകരാർ കണ്ടെത്തിയ ഭാഗങ്ങളിലേക്കുള്ള പമ്പിങ് നിർത്തുകയോ കടുത്ത നിയന്ത്രണം ഏർപ്പെടുത്തുകയോയാണ് ചെയ്യുന്നത്. അരീക്കോട് കീഴുപറമ്പ്, എടപ്പാൾ ഡിവിഷനിലെ വിവിധ സബ് ഓഫിസുകൾക്ക് കീഴിൽ നിരവധി സ്ഥലങ്ങളിലും ചോർച്ച പരിഹരിക്കാനായിട്ടില്ല. ചിലയിടങ്ങളിൽ പുറത്തുനിന്നുള്ളവരെ വെച്ച് അറ്റകുറ്റപ്പണിക്ക് നീക്കം നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ഇത് തടയില്ലെന്ന് കരാറുകാർ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, വ്യാഴാഴ്ച മലപ്പുറത്ത് സൂപ്രണ്ടിങ് എൻജിനീയറുമായി ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികൾ നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. ഏഴുമാസത്തെയെങ്കിലും കുടിശ്ശിക നൽകിയാൽ സമരം നിർത്താമെന്ന് കരാറുകാർ അറിയിച്ചെങ്കിലും സ്വീകാര്യമല്ലെന്നായിരുന്നു വാട്ടർ അതോറിറ്റി അധികൃതരുടെ നിലപാട്. അതിനിടെ, ജില്ലയിലെ കരാറുകാർക്ക് മൂന്നുമാസത്തെ കുടിശ്ശിക തീർക്കാനാവശ്യമായ പണം ഓഫിസിൽ വിതരണത്തിനെത്തി. 14 മാസത്തെ കുടിശ്ശിക ഉണ്ടായിരിക്കെ മൂന്നുമാസത്തെ തുക മാത്രമായി സ്വീകരിക്കില്ലെന്ന നിലപാടിലാണ് കരാറുകാർ. സമരം ശക്തമായതോടെ പുതിയ പദ്ധതികളുടെ ടെൻഡർ നടപടികളും പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.