പാലക്കാട്: എം.ആർ വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിൽ വടക്കൻ ജില്ലകൾക്ക് വിമുഖത. മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വാക്സിനേഷൻ 50 ശതമാനം പോലുമായിട്ടില്ല. മറ്റ് ജില്ലകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പിറകിലാണ് ഇവ. മലപ്പുറം ജില്ലയാണ് ഏറെ പിന്നിൽ. വാക്സിനേഷൻ കാമ്പയിൻ ആദ്യ പകുതി പിന്നിട്ടപ്പോൾ 26.5 ശതമാനം കുട്ടികൾ മാത്രമാണ് കുത്തിവെപ്പെടുത്തത്. കോഴിക്കോട് -35.1, കണ്ണൂർ -39.7, പാലക്കാട് -46.4, കാസർകോട് -46.1 എന്നിവയാണ് ശതമാനക്കണക്ക്. 75.6 ശതമാനം കുട്ടികൾക്ക് കുത്തിവെപ്പെടുത്ത പത്തനംതിട്ടയാണ് മുന്നിൽ. 69.7 ശതമാനത്തോടെ ആലപ്പുഴയും 66.3 ശതമാനത്തോടെ ഇടുക്കിയുമാണ് തൊട്ടടുത്ത്. 48.8 ശതമാനമാണ് സംസ്ഥാന ശരാശരി. വാക്സിനേഷനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാസ്തവവിരുദ്ധകാര്യങ്ങൾ വടക്കൻ മേഖലയിൽ കുത്തിവെപ്പിനെ ബാധിച്ചെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ചില സ്കൂളുകളിൽ അധ്യാപകർ രക്ഷിതാക്കളിൽനിന്ന് സമ്മതപത്രം വാങ്ങുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സമ്മതപത്രം നൽകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടില്ല. നവംബർ മൂന്നിന് കുത്തിവെപ്പ് യജ്ഞം അവസാനിക്കെ സംസ്ഥാനത്താകമാനം 95 ശതമാനം കൈവരിക്കുകയാണ് ലക്ഷ്യം. പ്രജീഷ് റാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.