എടവണ്ണ: മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലെ ചികിത്സ പിഴവിനെത്തുടർന്ന് ഭർത്താവ് മരിച്ച സംഭവത്തിൽ യുവതി മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ഏറനാട് എം.എൽ.എ എന്നിവർക്ക് പരാതി നൽകി. എടവണ്ണ പത്തപ്പിരിയം പാണമ്പ്ര സി. മഞ്ജുവാണ് പരാതി നൽകിയത്. ഏപ്രിൽ 11 ന് രാവിലെ ഭർത്താവ് ഷൈജു (43) വയറുവേദനയെ തുടർന്ന് എടവണ്ണയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഉച്ചയോടെ അസുഖം മൂർച്ഛിച്ചു. വീണ്ടും ആശുപത്രിയിലെത്തിയപ്പോൾ മഞ്ചേരിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചു. എന്നാൽ, അവിടെ വേണ്ടത്ര സൗകര്യമില്ലെന്ന് പറഞ്ഞ് മഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലേക്ക് റഫർ ചെയ്തു.
ഈ ആശുപത്രിയിലെത്തിയ ഉടൻ ഒരു പാട് മരുന്നുകൾ കുത്തിവെക്കുകയും വിവിധ പരിശോധനകൾ നടത്തുകയും ചെയ്തു. പിന്നീട് പിത്താശയത്തിൽ കല്ലുണ്ടെന്നും ശസ്ത്രക്രിയ വേണമെന്നും അറിയിച്ചു. എന്നാൽ, ചികിത്സക്കിടെ ഷൈജുവിന് ചിക്കൻപോക്സ് ബാധിക്കുകയും ആശുപത്രി അധികൃതർ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ ബന്ധുക്കൾ ഇടപെട്ട് ഏപ്രിൽ 16 ന് രാവിലെ ഷൈജുവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ, അതേ ദിവസം തന്നെ മരണം സംഭവിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരാണ് ഷൈജുവിന് ശസ്ത്രക്രിയ ആവശ്യമുണ്ടായിരുന്നില്ലെന്ന് അറിയിച്ചതെന്ന് മഞ്ജു പറഞ്ഞു. സ്വകാര്യാശുപത്രിയിൽ നിന്ന് അമിതമായി മരുന്ന് നൽകിയതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ സംശയം.
ചികിത്സാ പിഴവ് വരുത്തിയ മഞ്ചേരിയിലെ സ്വകാര്യാശുപത്രിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജു പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.