കിടപ്പുരോഗിയായ മുഹമ്മദിനെ സ്ട്രച്ചറില്‍ എടക്കര സബ് രജിസ്ട്രാര്‍ ഓഫിസിന് മുമ്പില്‍ നാട്ടുകാരുടെ
സഹായത്തോടെ എത്തിച്ചപ്പോള്‍
എടക്കര: ചികിത്സക്കായി സ്വന്തം കിടപ്പാടം വിറ്റ് രജിസ്ട്രേഷനെത്തിയ കിടപ്പുരോഗിയായ വയോധികന് എടക്കര സബ് രജിസ്ട്രാർ ഓഫിസില്‍ ദുരിതം. വഴിക്കടവ് പഞ്ചായത്തിലെ നാരോക്കാവ് കുന്നുമ്മല്പൊട്ടിയിലെ പുലത്ത് മുഹമ്മദ് എന്ന 90 കാരനാണ് സ്ട്രെച്ചറില്‍ സബ് രജിസ്ട്രാറുടെ മുമ്പിലെത്തി ഭൂമി രജിസ്റ്റര്‍ ചെയ്ത് കൊടുക്കേണ്ട സാഹചര്യമുണ്ടായത്. ആറ് വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് കിടപ്പിലായ മുഹമ്മദ് തന്റെ ചികിത്സക്കായി വായ്പയെടുത്ത പണം ധനകാര്യ സ്ഥാപനത്തില്‍ അടക്കാന്‍ വേണ്ടിയാണ് കിടപ്പാടം വിറ്റത്.
രണ്ടടി വഴിയുള്ള ആറ് സെന്റ് ഭൂമിയിലെ കിടപ്പാടമാണ് ഇയാള്‍ വിറ്റത്. ഭൂമിയുടെ രജിസ്ട്രേഷന് വേണ്ടി കുന്നുമ്മല്പൊട്ടിയിലെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച ആംബുലന്‍സിലാണ് മുഹമ്മദിനെ എടക്കരയിലെ സബ് രജിസ്റ്റര്‍ ഓഫിസിന് മുമ്പിലെത്തിച്ചത്. തുടര്‍ന്ന് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാറുടെ ഓഫീസില്‍ സ്ട്രെച്ചറില്‍ ആളുകളുടെ സഹായത്തോടെ പ്രയാസപ്പെട്ടാണ് മുഹമ്മദിനെ എത്തിച്ചതും രജിസ്ട്രേഷന് നടത്തിയതും. വീട്ട് രജിസ്ടേഷന് നടത്തുന്നതിന് മുന്‍കൂര്‍ അപേക്ഷ നല്കി 3500 ഓളം രൂപ അടക്കാന്‍ കഴിയാത്തതിനാലാണ് ഇവര്‍ ആംബുലന്‍സില്‍ മുഹമ്മദിനെ എത്തിച്ചത്. എന്നാല്‍ കിടപ്പുരോഗിയായ ഈ വയോധികനോട് മാനുഷിക പരിഗണന കാണിക്കാന്‍ പോലും ഓഫിസ് ജീവനക്കാര്‍ തയാറായില്ല. കിടപ്പുരോഗിയായ ശേഷം ഏക മകളുടെ പേരില്‍ ഈ ഭൂമി വില്പത്രം തയാറാക്കി രജിസ്റ്റര്‍ ചെയ്യാന്‍ പതിനായിരത്തി അഞ്ഞൂറ് രൂപ വീട്ട് രജിസ്ട്രേഷന് ഇവര്‍ നല്‍കിയിട്ടുമുണ്ട്.
കിടപ്പുരോഗിയായ മുഹമ്മദ് ആറ് തവണ ആന്‍ജിയോ ഗ്രാമിനും വിധേയനായിട്ടുണ്ട്. നിലവില്‍ വാടകക്കെട്ടിടത്തില്‍ ഒന്നാം നിലയിൽ പ്രവര്‍ത്തിക്കുന്ന എടക്കര സബ് രജിസ്ട്രാര്‍ ഓഫിസ് രോഗികളാവയര്ക്കും ഭിന്നശേഷിക്കാർക്കും ദുരിതമാണ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.