നിലമ്പൂർ: നാടുകാണി ചുരത്തിലെ കൊക്കയിൽനിന്ന് കണ്ടെത്തിയ കുട്ടിക്കൊമ്പന് തലസ്ഥാന നഗരയിലേക്ക് യാത്ര. പ്രത‍്യേകം സജ്ജീകരിച്ച വാഹനത്തിൽ മൂന്ന് വിദഗ്ധ ഡോക്ടർമാരുടെയും വനം ഉദ‍്യോഗസ്ഥരുടെയും അകമ്പടിയോടെയാണ് കുട്ടിയാനയെ തിരുവനന്തപുരത്തേക്ക് പറഞ്ഞയച്ചത്. വഴിമധ്യേ ക്ഷീണം അകറ്റാൻ ഇളനീര്, പാൽ, ബേബി ഫുഡ്, ഹോർലിക്സ്, മറ്റു ധാതുലവണങ്ങൾ എന്നിവയുമായി തികച്ചും രാജകീയമായായിരുന്നു യാത്ര. കോട്ടൂർ ആന വളർത്തുകേന്ദ്രത്തിലെ ഡോക്ടർ ടി.എൻ. അരുൺ, തേക്കടി ആനവളർത്തു കേന്ദ്രത്തിലെ അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. അബ്ദുൽ ഫത്താഹ്, മണ്ണാർക്കാട് ഡിവിഷനിലെ വെറ്ററിനറി ഡോ. മഹേഷ് എന്നിവരും വനപാലകരുമാണ് കുട്ടിക്കൊമ്പന് അകമ്പടി സേവിക്കുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു ആനമറി വനം ക്വാർട്ടേഴ്സിൽ നിന്നുള്ള മടക്കം. ആരോഗ‍്യം വീണ്ടെടുത്തതോടെ കുറുമ്പും കുസൃതിയും വേണ്ടുവോളം കാണിച്ചിരുന്ന കുട്ടിക്കൊമ്പനെ അൽപം സങ്കടത്തോടെയാണ് വനപാലകർ യാത്രയാക്കിയത്. ഓരാഴ്ച കൊണ്ട് കുട്ടിക്കൊമ്പൻ ഇവരുടെയെല്ലാം ഓമനയായി മാറിയിരുന്നു. ദീർഘദൂരമായതിനാൽ കരുതലോടെയാണ് യാത്ര. വാഹനത്തിൽ കയറ്റുന്നതിനിടെ മൂന്നരമാസം പ്രായമുള്ള കൊമ്പൻ നന്ദിയോടെ വനപാലകരെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ നിർദേശ പ്രകാരം തിരുവനന്തപുരം കോട്ടൂരിലേക്കാണ് കുട്ടിക്കൊമ്പനെ കൊണ്ടുപോവുന്നത്. നാടുകാണി ചുരത്തിലെ കൊക്കയിൽനിന്ന് ഈ മാസം 17നാണ് കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തിയത്. പടം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.