മലപ്പുറം: എല്ലാവർക്കും വീടെന്ന സ്വപ്നത്തിലേക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിലെ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) വിദ്യാർഥികൾ ഒരുമിക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി ഇൗ വർഷം 250 വീടുകൾ വിദ്യാർഥികളുടെ സേവനം ഉപയോഗപ്പെടുത്തി പൂർത്തിയാക്കും. നവംബർ ഒന്നിന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. കോളജുകൾ നിർദേശിക്കുന്നവർക്ക് പഞ്ചായത്ത്തല സർവേ നടത്തിയാണ് അർഹരായവരെ തെരഞ്ഞെടുക്കുക. എൻ.എസ്.എസ് വളൻറിയർമാരെ ക്രിയാത്മക പ്രവർത്തനങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ലക്ഷ്യം. കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ 436 കോളജുകളാണുള്ളത്. ഇതിൽ 161 കോളജുകളിലായി 228 എൻ.എസ്.എസ് യൂനിറ്റുകളുണ്ട്. ഒരു യൂനിറ്റിന് കീഴിൽ ഒരു വീട് എന്നാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം 67 വീടുകൾ നിർമാണം പൂർത്തിയാക്കി. യൂനിവേഴ്സിറ്റി സിൽവർ ജൂബിലിയുടെ ഭാഗമായാണ് 250 വീടുകൾ എന്ന സ്വപ്നം. കുറഞ്ഞത് അഞ്ച് ലക്ഷമാണ് ഒരു വീടിെൻറ ചെലവ് കണക്കാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും സന്നദ്ധ സംഘടനകളുടെയും ഭവനപദ്ധതികളെയും ഇതിൽ ലയിപ്പിക്കും. മലപ്പുറത്ത് പീപ്പിൾസ് ഫൗണ്ടേഷൻ സഹകരണം അറിയിച്ചിട്ടുണ്ട്. കോഴിക്കോട് -104, മലപ്പുറം -62, തൃശൂർ -50, പാലക്കാട് -50, വയനാട് -10 എന്നിങ്ങനെ വീടുകൾ നിർമിക്കുമെന്ന് യൂനിവേഴ്സിറ്റി എൻ.എസ്.എസ് കോഒാഡിനേറ്റർ വത്സരാജൻ പറഞ്ഞു. കോഴിക്കോട് പല കോളജുകൾക്ക് കീഴിലും പദ്ധതി ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് സുല്ലമുസ്സലാം ആർട്സ് ആൻഡ് സയൻസ് കോളജ് ഇതുവരെ ഏഴ് വീടുകൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.