പൊന്നാനി: തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അധ്യാപക ദിനത്തിനിടയിലെത്തിയ അധ്യാപികയുടെ മരണവാർത്ത സ്കൂളിനെ ദുഃഖമയമാക്കി. സ്കൂളിലെ യു.പി വിഭാഗം അധ്യാപിക ശ്രീഷ്മയുടെ അപകട മരണമാണ് സ്കൂളിനെ ഞെട്ടിച്ചത്. സ്കൂളിലെ അധ്യാപക ദിനത്തിൽ പങ്കെടുക്കാൻ പൊന്നാനിയിൽനിന്ന് സ്കൂട്ടറിൽ പോകുമ്പോൾ കുറ്റിപ്പുറം--ചമ്രവട്ടം ജങ്ഷനിൽ ലോറിയിടിച്ച് മരിക്കുകയായിരുന്നു. ഈ സമയം സ്കൂളിൽ സ്റ്റാഫ് ഡേ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഉടൻതന്നെ അധ്യാപക ദിനാഘോഷം നിർത്തിവെച്ചു. മൂന്ന് വർഷമായി ശ്രീഷ്മ ഐഡിയൽ സ്കൂളിലെ അധ്യാപികയാണ്. സ്കൗട്ടിലും കലാ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ശ്രീഷ്മ ശിഷ്യരുടെ പ്രിയ അധ്യാപികയാണ്. ഐഡിയൽ ട്രസ്റ്റ് യോഗം അനുശോചനം രേഖപ്പെടുത്തി. ട്രസ്റ്റ് ചെയർമാൻ പി. കുഞ്ഞാവു ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, അക്കാദമിക് ഡയറക്ടർ കെ.എ. മജീദ്, വി. മൊയ്തു, ഉമ്മർ പുനത്തിൽ, പ്രധാനാധ്യാപിക ചിത്ര ഹരിദാസ് എന്നിവർ സംസാരിച്ചു. സർവ മത പ്രാർഥനക്ക് വി.ടി. ജോസഫ്, കെ.കെ.എസ്. ആറ്റക്കോയ തങ്ങൾ, ചിത്ര ഹരിദാസ് എന്നിവർ നേതൃത്വം നൽകി. അധ്യാപകരും മാനേജ്മെൻറ് പ്രതിനിധികളും വിദ്യാർഥികളും പ്രിയ അധ്യാപികക്ക് അന്ത്യോപചാരം അർപ്പിക്കാൻ പൊന്നാനിയിലെ വസതിയിലെത്തിയിരുന്നു.- പോസ്റ്റ്മോർട്ടത്തിന് ശേഷം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ശ്രീഷ്മയുടെ മൃതദേഹം സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.