പൊന്നാനി പള്ളിക്കടവ്: കാറ്റും കോളും കവർന്ന ആറ് ജീവിതങ്ങൾ; ഒരു ദുഃഖസ്മരണ

പൊന്നാനി: വീണ്ടും തുലാവർഷമേഘങ്ങൾക്കായി ആകാശം ചിറക് വിരിക്കുമ്പോൾ 35 വർഷങ്ങൾക്കുമുമ്പ് ഒരു തുലാവർഷത്തിൽ ഭാരതപ്പുഴയുടെ അഴിമുഖത്ത് കാറ്റും കോളും കവർന്നെടുത്ത ആറ് മനുഷ്യജീവനുകളുടെ ദുഃഖസ്മരണയിലാണ് ഒരു ദേശം. 1981 ആഗസ്റ്റ് 27നാണ് പള്ളിക്കടവിനും പുറത്തൂരിനും മധ്യേ നടുപ്പുഴയിൽവെച്ച് കടത്തുതോണി കാറ്റിലും കോളിലുംപെട്ട് ആറുപേർ മരിച്ചത്. പൊന്നാനി ഒരു ഇതിഹാസ പൈതൃകത്തി​െൻറ സുവർണ രേഖ എന്ന പുസ്തകത്തിനുവേണ്ടി ഇബ്രാഹിം പൊന്നാനി എഴുതിയ ചരിത്ര പഠനകുറിപ്പിലാണ് ജലദുരന്തം വീണ്ടും വെളിപ്പെടുന്നത്. അന്നേദിവസം ഉച്ചക്ക് പള്ളിക്കടവിൽനിന്ന് പുറത്തൂർ കടവിലേക്ക് പുറപ്പെട്ട കടത്തുതോണിയാണ് അപകടത്തിൽപെട്ടത്. അഞ്ഞൂറിൽപരം യാത്രക്കാരും ഇരുന്നൂറോളം വിദ്യാർഥികളും നിത്യവും പുഴകടന്നിരുന്നു. 50 പേർക്ക് സഞ്ചരിക്കാവുന്ന തോണിയിൽ 30 യാത്രികരെമാത്രം വഹിച്ചുകൊണ്ടാണ് കടത്തുതോണി യാത്രപുറപ്പെട്ടത്. അപ്പോൾ അന്തരീക്ഷം പാടേ മൂടിക്കെട്ടിയിരുന്നുവെന്ന് ദൃക്‌സാക്ഷികൾ അനുസ്മരിക്കുന്നു. പതിറ്റാണ്ടുകൾ പുഴയുടെ അടിയൊഴുക്കറിഞ്ഞ അപ്പുണ്ണിയെന്ന കടത്തുകാരനാണ് തോണികുത്തിയിരുന്നത്. പക്ഷെ തോണി നദീമദ്ധ്യത്തിലെത്തിയപ്പോൾ അപ്രതീക്ഷിതമായി കനത്ത കാറ്റടിച്ചു. കാറ്റിലും കോളിലും പായമരം രണ്ടായി പൊട്ടിച്ചിതറി തോണി മറിഞ്ഞു. പതിനെട്ടോളംപേർ മറിഞ്ഞതോണിയിൽ പിടിച്ചുനിന്നു. അപ്പോഴേക്കും ഇരുകരകളിൽനിന്ന് പാഞ്ഞടുത്ത തോണികൾ ഭൂരിഭാഗം പേരെയും രക്ഷപ്പെടുത്തി. പക്ഷെ ആറുപേരെ രക്ഷിക്കാനായില്ല. ചേന്നര സ്വദേശി പൊന്നാനി എം.ഇ.എസ് കോളജിലെ ഒന്നാംവർഷ പ്രീ ഡിഗ്രി വിദ്യാർഥി ആദം അലി, എം.ഇ.എസ് കോളജിലെ രണ്ടാംവർഷ ബി.എ വിദ്യാർഥി നിറമരുതൂർ കാട്ടുവളപ്പിൽ ഇസ്മായിൽ, വെട്ടം സ്വദേശം ഓലക്കച്ചവടക്കാരനായ ചേക്കാലിക്ക, എം.ഇ.എസ് കോളജ് ഒന്നാംവർഷ പ്രീ ഡിഗ്രി വിദ്യാർഥിനി കെ. സൈഫുന്നീസ, പുറത്തൂർ സ്വദേശി ചീരു, മകൻ അശോകൻ എന്നിവരാണ് തോണി അപകടത്തിൽ മരണപ്പെട്ടത്. ചീരുവിനെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയെങ്കിലും മകൻ മുങ്ങിമരിച്ചതറിഞ്ഞനേരം ചീരു വീണ്ടും പുഴയിലേക്കെടുത്തുചാടി മരിക്കുകയാണത്രെ ഉണ്ടായത്. സൈഫുന്നീസയുടെ വിവാഹം ഉറപ്പിച്ചതായിരുന്നു. കല്യാണം ക്ഷണിക്കാൻ എം.ഇ.എസ് കോളജിലേക്ക് പോയതായിരുന്നു സൈഫുന്നീസ. സൈഫുന്നീസയുടെയും ചീരുവി​െൻറയും മൃതദേഹങ്ങൾ മൂന്നുദിവസം തിരഞ്ഞിട്ടും കണ്ടെത്താനായില്ല. 35 വർഷങ്ങൾക്കുശേഷവും ആ ജലദുരന്തത്തി​െൻറ തീരാവേദനകൾ അഴിക്കടവിലും പുറത്തൂർ കടവിനുമിടയിലെ ജലപാളികളിൽ ഖനീഭവിച്ചുനിൽക്കുന്നു. CAPTION: (((((((((((((((((((((((((മരണമ്ലാനത വാരാത്ത നദീമുഖം))))))))))))))))))))))))))))))))))))
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.