വേങ്ങര സ്ഥാനാർഥി നിർണയത്തിനെതിരെ യൂത്ത്ലീഗ് കോഴിക്കോട്: വേങ്ങര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിനെതിരെ യൂത്ത്ലീഗ്. ബുധനാഴ്ച കോഴിക്കോട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥിനിർണയത്തിലെ മുസ്ലിം ലീഗ് നിലപാടിനെതിരെ വിമർശനം ഉയർന്നത്. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തന്നെ യുവാക്കൾക്ക് അവഗണനയായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പിലെങ്കിലും അവസരം നൽകുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി പഴകിയ മുഖത്തെ തന്നെയാണ് അവതരിപ്പിച്ചതെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. 2006ലെ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് സംഘടനതലത്തിൽ ചില മാറ്റങ്ങളുണ്ടായിരുന്നു. പുതിയ സാഹചര്യത്തിൽ ശക്തമായ തിരുത്തൽ ശക്തിയാകാൻ യൂത്ത്ലീഗിന് കഴിയണം. ബാഹ്യശക്തികളുടെ ഇടപെടൽ അനുവദിക്കരുത്. വേങ്ങരയിൽ പ്രചാരണത്തിെൻറ മൂർധന്യതയിൽ ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ സമസ്ത രംഗത്തുവന്നപ്പോൾ ഇതിനെ പ്രതിരോധിക്കാൻ സംഘടന മുതിർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രസിഡൻറ് മുനവ്വറലി തങ്ങൾ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.കെ. ഫിറോസ്, നജീബ് കാന്തപുരം, എം.എ. സമദ്, ഫൈസൽ ബാഫഖി തങ്ങൾ, അഡ്വ. സുൽഫിക്കർ സലാം, പി.ജി. മുഹമ്മദ്, ഇ.വി. മുഹമ്മദലി, മുജീബ് കാടേരി, ആശിക് ചെലവൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.