പൊന്നാനി: ദീപാവലിയോടനുബന്ധിച്ച് പൊന്നാനിയിൽ നടക്കാറുള്ള കുറ്റിക്കാട് കണ്ണപ്പിൽ വാവുവാണിഭത്തിന് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ദീപാവലിയോടനുബന്ധിച്ച് മൂന്ന് ദിനങ്ങളിലായി പൊന്നാനി ചന്തപ്പടി മുതൽ എ.വി ഹയർ സെക്കൻഡറി സ്കൂൾ പരിസരം വരെയാണ് വാണിഭം നടക്കുക. പഴയകാലത്ത് കുറ്റിക്കാട് ക്ഷേത്രത്തോട് ചേർന്നുള്ള വാണിഭക്കളത്തിലാണ് കണ്ണപ്പിൽ വാവുവാണിഭം നടന്നിരുന്നത്. ഭാരതപ്പുഴയിൽ വാവുബലിക്കെത്തുന്നവരെ ലക്ഷ്യമിട്ടാണ് വാവുവാണിഭം കൊണ്ടാടിയിരുന്നത്. എന്നാൽ, ക്ഷേത്രത്തിനോട് ചേർന്ന് കെട്ടിടങ്ങളും വീടുകളും ഉയർന്നതോടെ വാണിഭം റോഡരികിലേക്ക് മാറി. ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള മലബാറിലെത്തന്നെ പുരാതനവാണിഭമാണ് കുറ്റിക്കാട് കണ്ണപ്പിൽ വാണിഭമെന്നാണ് പഴമക്കാർ പറയുന്നത്. നാടൻ ഉൽപന്നങ്ങൾ മുതൽ മറ്റ് അവശ്യ സാധനങ്ങൾ വരെ വിറ്റഴിച്ചിരുന്നു. ധനവിനിയോഗം പരിമിതമായിരുന്ന കാലത്ത് ബാർട്ടർ സമ്പ്രദായത്തിെൻറ പകർപ്പുകൂടിയായിരുന്നു കുറ്റിക്കാട് വാവുവാണിഭം. മലപ്പുറം ജില്ലക്കു പുറമെ അയൽ ജില്ലകളായ പാലക്കാട്, തൃശൂർ ജില്ലകളിലെ കർഷകരും വ്യാപാരികളും വിൽപന വസ്തുക്കളുമായി പൊന്നാനിയിൽ എത്താറുണ്ട്. കാർഷിക വിളകളും നാടൻ സാധനങ്ങളുമാണ് വാണിഭത്തിന് എത്തുന്നത്. മധുരക്കിഴങ്ങ്, കൂർക്ക, കരിമ്പ്, നെല്ലിക്ക, കൂവ തുടങ്ങിയ കാർഷിക ഫലങ്ങളും മൺപാത്രങ്ങൾ, കാർഷിക ആവശ്യങ്ങൾക്കായുള്ള വിവിധ തരം ഉപകരണങ്ങൾ, ഔഷധ ചെടികൾ, അലങ്കാര ചെടികൾ തുടങ്ങിയവയും വിൽപനക്കായി എത്തിയിട്ടുണ്ട്. മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തിെൻറ നേർകാഴ്ചയാണ് പൊന്നാനി കുറ്റിക്കാട് കണ്ണത്തിൽ വാവുവാണിഭം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.