മോഹൻ ചരപ്പറമ്പിൽ വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയവരെയും ഡിപ്ലോമക്കാരെയും തുല്യമായി പരിഗണിക്കണമെന്ന നിർദേശമാണ് കാരണം പട്ടാമ്പി: കാർഷിക സർവകലാശാല പട്ടാമ്പി പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ അഗ്രികൾചർ ഡിപ്ലോമ കോഴ്സ് വിദ്യാർഥികളുടെ തൊഴിൽ സാധ്യതക്ക് ഭീഷണി. അഗ്രികൾചർ അസിസ്റ്റൻറ്, ഫാ൦ അസിസ്റ്റൻറ് തസ്തികകളിൽ ജോലിക്കുള്ള യോഗ്യതയാണ് ഡിപ്ലോമ. എന്നാൽ, വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയാക്കിയവരെയും ഡിപ്ലോമക്കാരെയും തുല്യമായി പരിഗണിക്കണമെന്ന് നിർദേശമുണ്ടായതാണ് തങ്ങളുടെ തൊഴിൽ സാധ്യതകൾ ഇല്ലാതാക്കുമെന്ന ആശങ്കക്കിടയാക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. വലിയ സാമ്പത്തിക ബാധ്യതയാണ് രണ്ട് വർഷത്തെ കോഴ്സ് പൂർത്തിയാക്കാൻ വരുന്നത്. നല്ല പരിജ്ഞാനം നേടി പുറത്തിറങ്ങുന്ന ഡിപ്ലോമക്കാരെയും താരതമ്യേന പ്രായോഗിക പരിശീലനം കുറഞ്ഞ വി.എച്ച്.എസ്.ഇക്കാരെയും തുല്യമായി കണക്കാക്കുന്നത് അനീതിയാണെന്നും വിദ്യാർഥികൾ പറയുന്നു. 25,000 രൂപ വീതം നാല് സെമസ്റ്റർ ഫീസ് ഒടുക്കിയാണ് വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 വിദ്യാർഥികൾ ഓരോ ബാച്ചിലും കോഴ്സ് പൂർത്തിയാക്കുന്നത്. പഠനയാത്രയും മറ്റുമായി അവസാന രണ്ട് സെമസ്റ്റർ ഫീസ് 30,000 രൂപ വരുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപ് വിദ്യാർഥികൾക്ക് സംവരണമുള്ള രണ്ട് സീറ്റടക്കം 52 പേരാണ് 2011ൽ പുനരാരംഭിച്ച കോഴ്സിെൻറ ഓരോ ബാച്ചിലുമുള്ളത്. ഫാ൦ അസിസ്റ്റൻറ് തസ്തികയിലേക്ക് കാർഷിക സർവകലാശാല പരിഗണിക്കുന്ന ഡിപ്ലോമ കോഴ്സ് 1989ൽ നിർത്തലാക്കി. തുടർന്ന് ഫാ൦ അസിസ്റ്റൻറ് തസ്തിക ഫാ൦ ഓഫിസർ എന്നാക്കി ഉയർത്തുകയും അഗ്രികൾചർ ബിരുദധാരികളെ നിയമിക്കുകയും ചെയ്തു. കോഴ്സ് പുനരാരംഭിച്ച് ഇരുന്നൂറോളം വിദ്യാർഥികൾ യോഗ്യത നേടി പുറത്തിറങ്ങിയ സാഹചര്യത്തിൽ സർവകലാശാലക്ക് കീഴിലെ ഫാ൦ ഓഫിസർ തസ്തികയിലേക്ക് ഡിപ്ലോമ കഴിഞ്ഞവരെ പരിഗണിക്കണമെന്ന ആവശ്യമാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ജോലി സാധ്യത വി.എച്ച്.എസ്.ഇ, ബി.എസ്സി അഗ്രികൾചർ വിഭാഗങ്ങൾക്കായി ഭാഗിക്കപ്പെടുമ്പോൾ തങ്ങളുടെ ഭാവി ഇരുളടയുമെന്നും ഡിപ്ലോമ വിദ്യാർഥികൾ ആശങ്കപ്പെടുന്നു. സർവകലാശാലയും കൃഷി വകുപ്പും പുനർവിചിന്തനം നടത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.