കരുവാരകുണ്ട്: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ നൽകിയ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ അഞ്ചു ദിവസം ബാക്കിനിൽക്കെ കരുവാരകുണ്ടിൽ അണിയറ നീക്കങ്ങൾ തകൃതി. അവിശ്വാസ പ്രമേയത്തെ സി.പി.എം പിന്തുണക്കുമെന്നുറപ്പായതോടെ പ്രമേയം പാസാവുകയും പ്രസിഡൻറും വൈസ് പ്രസിഡൻറും പുറത്താവുകയും ചെയ്യുമെന്നുറപ്പായി. എന്നാൽ, പിന്നീട് നടക്കുന്ന തെരഞ്ഞെടുപ്പിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള മുൻ ഭരണസമിതിക്കെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോഴും സി.പി.എം അംഗങ്ങൾ പിന്തുണച്ചിരുന്നു. എന്നാൽ, പിന്നീട് നടന്ന പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽനിന്ന് അവർ വിട്ടുനിൽക്കുകയും ചെയ്തു. അതിനെ തുടർന്ന് ലീഗ് അംഗങ്ങൾതന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. എന്നാൽ, ഇത്തവണ സി.പി.എം നയം മാറ്റുമെന്നാണ് സൂചന. ലോക്കൽ സമ്മേളനത്തിരക്കിലാണ് പാർട്ടിയെങ്കിലും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയം ആലോചിച്ചു തീരുമാനിക്കുമെന്നാണ് ഒരു നേതാവ് പറഞ്ഞത്. ഫോൺ വഴിയുള്ള ചർച്ചക്കും വാഗ്ദാനത്തിനുമപ്പുറം ഉറച്ച കരാറാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവിശ്വാസം വിജയിച്ചാൽ വീണ്ടും നിലവിലുള്ള പ്രസിഡൻറ്, വൈസ് പ്രസിഡൻറ് എന്നിവർ തന്നെ തെരഞ്ഞെടുക്കപ്പെടരുതെന്ന് കോൺഗ്രസിനും നിർബന്ധമുണ്ട്. അങ്ങനെ വരുന്നത് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് നേതൃത്വം കരുതുന്നത്. വേണ്ടി വന്നാൽ സി.പി.എം സ്വതന്ത്രനെയും കോൺഗ്രസ് സ്വതന്ത്രയെയും പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളിൽ അവരോധിക്കാനും പാർട്ടി തയാറായേക്കും. ഇതിന് പക്ഷേ സി.പി.എം കൂടി സമ്മതിക്കേണ്ടി വരും. ഇതിനുള്ള ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. അവിശ്വാസ പ്രമേയം കൊണ്ടുവന്നതിന് ആദ്യം കോൺഗ്രസ് ജില്ല നേതൃത്വവും എം.എൽ.എയും എതിരായിരുന്നുവെങ്കിലും ഇപ്പോൾ നിലപാട് മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.