ചങ്ങരംകുളം: സ്കൂൾ കെട്ടിട നിർമാണങ്ങളുടെയും അറ്റകുറ്റപ്പണികളുടെയും മറവിൽ ലക്ഷങ്ങളുടെ അഴിമതിക്ക് നേതൃത്വം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ചങ്ങരംകുളത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. കഴിഞ്ഞ വർഷം അറ്റകുറ്റപ്പണി നടത്തിയ കല്ലൂർമ്മ ജി.എൽ.പി സ്കൂൾ, അറ്റകുറ്റപ്പണിക്കെന്ന പേരിൽ ഈ വർഷം 2,75,000 രൂപയും ടൈൽസ് പതിക്കാൻ 3,25,000 രൂപയും ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്ന് പറയുന്നു. പള്ളിക്കര ജി.എൽ.പി സ്കൂളിൽ ടൈൽസ് പതിക്കാൻ 2,80,000 രൂപ വകയിരുത്തിയതായും ഇതിന് പിന്നിൽ അഴിമതിയുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. മൂക്കുതല ജി.എൽ.പി സ്കൂൾ മൂക്കുതല ലൈബ്രറി കെട്ടിടം, റോഡുകൾ എന്നിവയുടെ അറ്റകുറ്റപ്പണിക്ക് 20,00,000ത്തിെൻറ അഴിമതി നടത്തിയതായും ആരോപണം ഉന്നയിച്ചു. വരും ദിവസങ്ങളിൽ ശക്തമായ സമരം നടക്കുമെന്ന് യൂത്ത് ലീഗ് അറിയിച്ചു. അസ്ഹർ പെരുമുക്ക്, സാദിഖ് നെച്ചിക്കൽ, എം.വി. ഷബീർ, അഡ്വ. നിയാസ് മുഹമ്മദ്, സബാഹ് മുതുകാട്, ഷഹീർ അമയിൽ, ഹംസക്കുട്ടി, ഷരീഫ് കാഞ്ഞൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.