മുൻ കോൺഗ്രസ്​ കൗൺസിലറെ ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി

പാലക്കാട്: നിലം നികത്തൽ എതിർത്ത മുൻ കോൺഗ്രസ് കൗൺസിലറെ ഡി.സി.സി സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചെന്ന് പരാതി. പാലക്കാട് നഗരസഭ മുൻ കൗൺസിലർ എൻ. ഭാസ്കരന്‍ എന്ന ഭാസി (56)ആണ് ഡി.സി.സി സെക്രട്ടറിയും പാലക്കാട് നഗരസഭ കോൺഗ്രസ് പാർലമ​െൻറ് പാർട്ടി നേതാവുമായ കെ. ഭവദാസും സഹായി രാമു എന്ന രാമചന്ദ്രനും ചേർന്ന് പുത്തൂരിലെ വീട്ടിൽ കയറി മർദിച്ചു എന്ന് കാണിച്ച് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകിയത്. കാറി‍​െൻറ താക്കോൽ ഉപയോഗിച്ച് കഴുത്തിൽ മുറിവുണ്ടാക്കിയെന്നും പരാതിയിലുണ്ട്. ഭാസി ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 10ഓടെയാണ് സംഭവം. ഹൃദ്രോഗിയായ ഭാര്യയെ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയി വന്നതിന് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ കെ. ഭവദാസും സഹായി രാമുവും ചേർന്ന് വീട്ടിൽ കയറി മർദിക്കുകയായിരുന്നെന്നാണ് പരാതി. ഭാര്യയുടെ മരുന്നുകൾ തട്ടിത്തെറിപ്പിച്ചു എന്നും ഭാസി പറഞ്ഞു. അംഗൻവാടിയുടെ മറവിൽ നെൽവയൽ നികത്തി വിൽക്കാനുള്ള ഭവദാസി‍​െൻറ ശ്രമത്തെ എതിർത്തതാണ് തന്നെ മർദിക്കാൻ കാരണമെന്നും ഭാസി പറഞ്ഞു. ഒമ്പതാം വാർഡായ മാട്ടുമന്തയിൽ ഒരേക്കറിലധികം വരുന്ന വയലി‍​െൻറ പിറകിൽ രണ്ട് സ​െൻറ് സ്ഥലം അംഗൻവാടിക്കായി വിട്ടു നൽകി. അംഗൻവാടിക്കായി നഗരസഭ റോഡ് നിർമിക്കുകയും നിലം നികത്തുകയും ചെയ്യുമ്പോൾ കൂട്ടത്തിൽ തങ്ങളുടെ ഭൂമിയും നികത്താനായിരുന്നു ഭൂമി വാങ്ങിയവരുടെ ശ്രമമെന്നും ഇത് എതിർത്തതാണ് തന്നെ വീട്ടിൽ കയറി മർദിക്കുന്നതിൽ കലാശിച്ചതെന്നും ഭാസി പറഞ്ഞു. എന്നാൽ, കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ശേഷം തന്നെ വിളിക്കാതിരുന്ന ഭാസി ബുധനാഴ്ച രാത്രി വിളിച്ച് അസഭ്യം പറഞ്ഞു. ഭാസിയുടെ വീടിന് സമീപത്തുകൂടി പോകുന്ന സമയം അവിടെ കയറി ഇങ്ങനെ മോശമായി സംസാരിക്കരുതെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും താൻ ഭാസിയെ മർദിക്കുകയോ കഴുത്തിൽ മുറിവാക്കുകയോ ചെയ്തിട്ടില്ലെന്ന് ഭവദാസ് പറഞ്ഞു. നിലം നികത്തലുമായി തനിക്ക് ബന്ധമില്ലെന്ന് കെ. ഭവദാസ് പറഞ്ഞു. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പരാതിക്കാര‍​െൻറ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പാലക്കാട് ടൗൺ നോർത്ത് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.