കാട്ടുമൃഗ ശല‍്യം: നഷ്​ടപരിഹാര തുക അഞ്ച് ദിവസത്തിനകം വിതരണം ചെയ്യാൻ നിർദേശം

നിലമ്പൂർ: വന‍്യജീവിശല‍്യം മൂലം കൃഷിനാശം സംഭവിച്ചവർക്കുള്ള വനം വകുപ്പി‍​െൻറ നഷ്ടപരിഹാര തുക അഞ്ച് ദിവസത്തിനകം കൊടുത്തു തീർക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. അനിൽകുമാർ ഭരദ്വാജ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാർക്ക് നിർദേശം നൽകി. നിലമ്പൂർ വനമേഖല സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ജില്ലയിലെ എല്ലാ അപേക്ഷകർക്കും തുക കൈമാറി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വനം വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാര തുക വൈകുന്നുവെന്ന പരാതി നേരത്തേ നിലനിന്നിരുന്നു. നിലമ്പൂർ, എടവണ്ണ, വഴിക്കടവ് റേഞ്ചുകൾ ഉൾപ്പെടുന്ന നിലമ്പൂർ നോർത്ത് ഡിവിഷനിൽ ഈ വർഷം 137 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ 127 പേർക്കും നഷ്ടപരിഹാര തുക നൽകിയതായി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഡോ. ആർ. ആടലരശൻ മറുപടി നൽകി. അപേക്ഷയോടൊപ്പം മുഴുവൻ രേഖകളുമില്ലാത്തതിനാലാണ് പത്തെണ്ണം മാറ്റിവെച്ചത്. 19,66,795 രൂപ വിതരണം ചെയ്തു. പുതുതായി 35ഓളം അപേക്ഷകൾ കൂടി ലഭിച്ചിട്ടുണ്ട്. കരുളായി, കാളികാവ് റേഞ്ചുകൾ ഉൾപ്പെട്ട സൗത്ത് ഡിവിഷനിൽ 436 അപേക്ഷകളാണ് ഈ വർഷം ലഭിച്ചത്. ഇതിൽ 406 അപേക്ഷകർക്ക് നഷ്ടപരിഹാരം നൽകിക്കഴിഞ്ഞു. 86,62,544 രൂപയാണ് വിതരണം ചെയ്തത്. അപേക്ഷകളിൽ മതിയായ രേഖകളില്ലാത്തതിനാൽ ബാക്കിയുള്ളതിൽ പത്തെണ്ണം മടക്കി അയച്ചു. 20 എണ്ണത്തി‍​െൻറ അപേക്ഷയിൽ അടുത്ത ദിവസംതന്നെ തുക കൈമാറാനുള്ള നടപടി സ്വീകരിക്കുമെന്ന് സൗത്ത് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എസ്. സൺ മറുപടി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.