കീഴാറ്റൂർ: നെന്മിനി യങ് ഇന്ത്യ എസ്റ്റേറ്റിൽ നടക്കുന്ന റൗണ്ട് അപ് പ്രയോഗത്തിനെതിരെ കഴിഞ്ഞ ദിവസം ആരംഭിച്ച സമരം നെന്മിനിക്കാർക്ക് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. കഴിഞ്ഞ ദിവസം ജനകീയ സമിതി ആരംഭിച്ച സമരത്തിൽ പിന്തുണയുമായി കക്ഷി-രാഷ്ട്രീയ--ജാതി-മത ഭേദമന്യേ ഒട്ടേറെയാളുകളാണ് പങ്കെടുക്കുന്നത്. 'ഉണരൂ.. നിലനിൽപ്പ് പോരാട്ടത്തിന് സമയമായി' മുദ്രാവാക്യവുമായാണ് സമരം. വർഷങ്ങങ്ങളായി എസ്റ്റേറ്റിൽ നടക്കുന്ന റൗണ്ട്അപ് പ്രയോഗത്തിെൻറ ഫലമായി നിരവധി മാറാവ്യാധികളാണ് പ്രദേശത്ത് പിടിപെടുന്നതെന്നും തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങൾ പ്രദേശവാസികളിൽ സാധാരണമാണെന്നും ഇെതല്ലാം പഠനവിധേയമാക്കണമെന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകൾ ഇതിലൂടെയാണ് കടന്നുപോകുന്നത്. അയ്യപ്പൻചോല, വെറ്റിലചോല, കറവണശ്ശേരി ചോല എന്നിവ ഇതിൽ പ്രധാനമാണ്. പ്രദേശത്തെ മുന്നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന അയ്യപ്പൻചോല കുടിവെള്ള പദ്ധതിയും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അയ്യപ്പൻ ചോലയിൽനിന്നാണ് ഇതിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്. ശക്തമായ വേനലിലും വറ്റാത്ത ഈ കുടിവെള്ള പദ്ധതി ജനങ്ങൾക്ക് ഏറെ ആശ്വാസമാണ്. എന്നാൽ, ഭയത്തോടെയാണ് ജനം ഈ വെള്ളം ഉപയോഗിക്കുന്നത്. എസ്റ്റേറ്റിൽ ഉപയോഗിക്കുന്ന റൗണ്ട് അപ് കുടിവെള്ളത്തിൽ കലരുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മാത്രമല്ല കളനാശിനി പ്രയോഗത്തിന് ശേഷം ജോലിക്കാർ ഉപകരണങ്ങൾ കഴുകുന്നത് ഈ ജലാശയത്തിലാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. നെന്മിനി, മന്തംകുണ്ട്, അരീച്ചോല എന്നിവിടങ്ങളിലൂടെ പത്ത് കിലോമീറ്ററോളം ഒഴുകി കടലുണ്ടിപ്പുഴയിലാണ് ഈ തോട് സംഗമിക്കുന്നത്. ഇത്രയും ദൂരത്തുള്ള ജനങ്ങളാണ് ഇൗ വെള്ളം ഉപയോഗിക്കുന്നത്. വർഷങ്ങളായി എസ്റ്റേറ്റിൽ റൗണ്ട് അപ് പ്രയോഗം നടത്തുന്നുണ്ടെങ്കിലും 2000-2001 കാലത്താണ് നാട്ടുകാർ ഇതിനെതിരെ ആദ്യമായി പരാതി നൽകിയത്. പിന്നീട് പല വകുപ്പുകൾക്കും പരാതി നൽകിെയങ്കിലും പരിഹാരമുണ്ടായില്ല. ആക്കപ്പറമ്പൻ സിദ്ദീഖ് കൺവീനറായും ബാബു ജോസഫ് ചെയർമാനുമായുള്ള കമ്മിറ്റിയാണ് പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.