കാട്ടുതീ ഭീഷണി: പുല്ലങ്കോട് മലയോരത്ത് ഫയര്‍ ബെല്‍റ്റ് നിര്‍മാണം പുരോഗമിക്കുന്നു

കാളികാവ്: വേനല്‍ ശക്തമായതോടെ വനമേഖല കാട്ടുതീ ഭീഷണിയില്‍. പതിവായി ഉണ്ടാകുന്ന കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടരാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ ഫയര്‍ ബെല്‍റ്റ് നിര്‍മാണം തുടങ്ങി. കല്ലാമൂല വള്ളിപ്പൂള, പുല്ലങ്കോട് മലവാരങ്ങളില്‍ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. വനാതിര്‍ത്തിയില്‍ 20 അടിയോളം വീതിയില്‍ കാട് വെട്ടി കരിയിലകള്‍ അടിച്ചുവാരി കൂട്ടിയിട്ട് കത്തിച്ചാണ് ഫയര്‍ ബെല്‍റ്റ് നിര്‍മിക്കുന്നത്. പുല്ലങ്കോട് എസ്റ്റേറ്റിനോട് ചേര്‍ന്ന വനത്തില്‍ കഴിഞ്ഞവര്‍ഷവും രണ്ടുവര്‍ഷം മുമ്പും വന്‍ തീപിടിത്തമുണ്ടായിരുന്നു. ഇതില്‍ നൂറുകണക്കിന് ഏക്കര്‍ വനം കത്തി നശിച്ചിരുന്നു. വന്‍ മരങ്ങളടക്കം തീപിടിത്തത്തില്‍ കത്തിനശിച്ചു. ഇത്തവണ തുലാവര്‍ഷം ലഭിക്കാത്തതിനാല്‍ വനമേഖല നേരത്തേതന്നെ വരണ്ടുണങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. കാട്ടുതീ ഭീഷണി ഇല്ലാതാക്കാന്‍ വേനല്‍ കടുക്കും മുമ്പേ വനംവകുപ്പ് മുന്‍കൈയെടുത്താണ് വനാതിര്‍ത്തിയില്‍ ഫയര്‍ ബെല്‍റ്റ് നിര്‍മാണം തുടങ്ങിയത്. നിലമ്പൂര്‍ സൗത് ഫോറസ്റ്റ് റെയ്ഞ്ചര്‍ നിദിക് ലാലിന്‍െറ നിര്‍ദേശപ്രകാരമാണ് നേരത്തേതന്നെ ചേനപ്പാടി, ചെങ്കോട് മലവാരങ്ങളില്‍ ഫയര്‍ ബെല്‍റ്റ് നിര്‍മിക്കുന്നത്. ചിങ്കക്കല്ല് കോളനിയിലെ ആദിവാസികളെ ഉപയോഗിച്ചാണ് പ്രവൃത്തി. ഫയര്‍ ബെല്‍റ്റ് പൂര്‍ത്തിയാകുന്നതോടെ വനത്തില്‍നിന്ന് കാട്ടുതീ സ്വകാര്യ തോട്ടങ്ങളിലത്തെുന്നത് തടയാനാവും. ഇതിലൂടെ വലിയ ദുരന്തങ്ങള്‍ ഒഴിവാക്കാനാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.