മൂർക്കനാട് മത്സരം മൂർച്ചയേറിയത്

കൊളത്തൂർ: മൂർക്കനാട് വാശിയേറിയ മത്സരമാണ് ഇരു മുന്നണികളും കാഴ്ചവെക്കുന്നത്. അതിന് കാരണമുണ്ട്. കഴിഞ്ഞ തവണ കഷ്ടിച്ച് കടന്നു കൂടിയതാണ് നിലവിലെ ഭരണം കൈയാളുന്ന എൽ.ഡി.എഫ്. 19 സീറ്റുള്ള പഞ്ചായത്തിൽ 10 സീറ്റുകൾ വിജയിച്ചാണ് ഇടതുമുന്നണി അധികാരത്തിലേറിയത്. അതുകൊണ്ടുതന്നെ ഇത്തവണ ആഞ്ഞു പിടിച്ചാൽ അധികാരത്തിലേറാമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡിഎ.ഫ്. ആകെയുള്ള 19 ൽ 13 സീറ്റും നേടി വ്യക്തമായ ആധിപത്യത്തോടെയാണ് 2015ൽ ഇടതു മുന്നണി മൂർക്കനാട് പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത്.

എന്നാൽ ആരോപണ പ്രത്യാരോപണങ്ങളുടെയും വിവാദങ്ങളുടെയും അകമ്പടിയോടെയാണ് അഞ്ച് വർഷം ഭരണം പിന്നിട്ടത്. പിന്നീട് 2020ൽ സീറ്റ് നിലയിടിഞ്ഞ് 13ൽ നിന്ന് 10ലെത്തിയെങ്കിലും തുടർ ഭരണത്തിന് തുണച്ചുവെന്ന ആശ്വാസത്തിൽ കൂടുതൽ ശ്രദ്ധയോടെ നീങ്ങാൻ ഇടതുമുന്നണി ശ്രമിച്ചു. ഗ്രാമീണ മേഖലയായ മൂർക്കനാട് അടിസ്ഥാന സൗകര്യ വികസനം ഉയർത്തിക്കാട്ടിയാണ് സി.പി.എം ഭരണ സമിതി തുടർഭരണത്തിനായി വോട്ടർമാരെ സമീപിക്കുന്നത്. 1963ൽ രൂപംകൊണ്ട പഞ്ചായത്തിൽ 1988-93, 2005-10, 2015-20, 2020-25 കാലയളവിൽ എൽ.ഡി.എഫായിരുന്നു അധികാരത്തിൽ.

ഹാട്രിക് വിജയത്തിന് ശ്രമിക്കുന്ന ഇടതു മുന്നണിക്ക്, മൂന്നു കോടി രൂപയുടെ പുതിയ ഗ്രാമീണ റോഡുകളുടെ നിർമാണം, ഏഴ് കോടിയോളം രൂപയുടെ റോഡ് പുനരുദ്ധാരണം, 13 കോടിയുടെ ലൈഫ് ഭവന പദ്ധതിയിൽ 325 വീടുകൾ, 23 ഭൂരഹിതർക്ക് സ്ഥലം തുടങ്ങിയ നേട്ടങ്ങളാണ് പറയാനുള്ളത്. കുടിവെള്ളം, കൃഷി, പാർപ്പിടം തുടങ്ങിയ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളും ഭരണപക്ഷം ഉയർത്തിക്കാട്ടുന്നു. സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കിയ ഭരണസമിതിയെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. എന്നാലും ഇത്തവണയും ഇരുകൂട്ടരും പ്രതീക്ഷയിലാണ്. നിലവിൽ മുസ്‍ലിം ലീഗിന് എട്ട് അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവുമാണുള്ളത്. എൽ.ഡി.എഫിൽ 19 സീറ്റിൽ സി.പി.എമ്മും രണ്ടിടത്ത് സി.പി.എം സ്വതന്ത്രരും ഒരിടത്ത് സി.പി.ഐയും മത്സരിക്കുന്നു. ലീഗ് 18 സീറ്റിലും കോൺഗ്രസ് മൂന്ന് സീറ്റിലും ഒരിടത്ത് യു.ഡി.എഫ് സ്വതന്ത്രയും മത്സരിക്കുന്നു. ബി.ജെ.പി. ഇത്തവണ 10 സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐക്ക് മൂന്നിടത്തും സ്ഥാനാർഥികളുണ്ട്.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.