പള്ളിക്കൽ: കാലങ്ങളായി യു.ഡി.എഫിന്റെ, പ്രത്യേകിച്ച് മുസ്‍ലിം ലീഗിന്റെ ഉരുക്കുകോട്ടയാണ് പള്ളിക്കൽ. യു.ഡി.എഫിന് പള്ളിക്കൽ പഞ്ചായത്തിൽ തനിയാവർത്തനമാണ് ലക്ഷ്യം. എന്നാൽ അത് അട്ടിമറിക്കാൻ ഇത്തവണയും കിണഞ്ഞ് ശ്രമിക്കുകയാണ് എൽ.ഡി.എഫ്. 24ൽ 15 സീറ്റുകളിൽ മത്സരിക്കുന്ന ബി.ജെ.പിയും സ്വാധീന മേഖലകളിൽ സജീവമാണ്. ചില സീറ്റുകളിൽ വെൽഫെയർ പാർട്ടിയും എസ്.ഡി.പി.ഐയും രംഗത്തുണ്ട്. യു.ഡി.എഫിൽ മുസ്‍ലിം ലീഗ് 18 സീറ്റിലും കോൺഗ്രസ് ആറ് സീറ്റിലും പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
ഇടതുപക്ഷത്ത് സി.പി.എം 22 സീറ്റിലും സി.പി.ഐ രണ്ട് സീറ്റിലും മത്സരിക്കുന്നുണ്ട്. 15 സീറ്റിൽ മാത്രമാണ് ബി.ജെ.പി മത്സരം. കോൺഗ്രസിലെ കെ.പി. സക്കീറിനെതിരെ നിലവിലെ വാർഡ് അംഗവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ ലത്തീഫ് കൂട്ടാലുങ്ങൽ വിമത സ്ഥാനാർഥിയായി രംഗത്തുണ്ട്. മറ്റൊരു വാർഡിലും ഔദ്യോഗിക സ്ഥാനാർഥികൾക്ക് വിമത ശല്യമില്ല.
കഴിഞ്ഞ അഞ്ച് വർഷത്തെ പഞ്ചായത്ത് ഭരണ നേട്ടങ്ങൾ ഉയർത്തിക്കാട്ടിയും സംസ്ഥാന സർക്കാറിനെതിരായ വിമർശനങ്ങൾ ഉയർത്തിയുമാണ് യു.ഡി.എഫ് പ്രചാരണം. അതേ സമയം ഏറെ വർഷങ്ങൾ നീണ്ട യു.ഡി.എഫ് ഭരണത്തിനുതകുന്ന വികസനം ഉണ്ടായില്ലെന്നതും മറ്റ് രാഷ്ട്രീയ വിഷയങ്ങളും ഉന്നയിച്ചാണ് എൽ.ഡി.എഫ് വോട്ടു തേടുന്നത്. ഇരുമുന്നണികൾക്കും എതിരായ വിമർശനങ്ങൾ ഉയർത്തിയാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് സമീപനം. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിരിലാണ് കാലിക്കറ്റ് സർവകലാശാല. കിഴക്കെ അതിരിൽ കരിപ്പൂർ രാജ്യാന്തര വിമാനത്താവളമാണ്. 70,000ലേറെയാണ് ജനസംഖ്യ. 1994ലും 2015ലും പഞ്ചായത്ത് വിഭജനത്തിന് ഉത്തരവ് വന്നെങ്കിലും നടപ്പായില്ല. പള്ളിക്കൽ വില്ലേജ് വിഭജനവും ഏറെക്കാലത്തെ ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.