പെരിന്തൽമണ്ണയിൽ മുഖ്യപ്രചാരണ വിഷയം റോഡ്

പെരിന്തൽമണ്ണ: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോൾ പെരിന്തൽമണ്ണ നഗരസഭയിൽ മുഖ്യ പ്രചാരണ വിഷയം റോഡ് വികസനം. പെരിന്തൽമണ്ണ നഗരസഭയിലൂടെ കടന്നു പോവുന്ന മേലാറ്റൂർ- പുലാമന്തോൾ പാത കഴിഞ്ഞ അഞ്ചുവർഷമായി പൂർത്തിയാവാതെ കിടക്കുന്നുണ്ട്. റീബിൽഡ് പദ്ധതിയിൽ സംസ്ഥാന സർക്കാർ അനുവദിച്ചതാണ് 1.42 കോടി ചെലവ് കണക്കാക്കുന്ന പദ്ധതി. 38 കി.മീ ഭാഗം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കാൻ 2020 സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഓൺലൈനിൽ നിർമാണോദ്ഘാടനം നടത്തിയത്.

ഇതിനോടൊപ്പം സംസ്ഥാനത്ത് അനുവദിച്ച 70 ഓളം പദ്ധതികൾ പൂർത്തിയായെന്നും പെരിന്തൽമണ്ണ മണ്ഡലത്തിലെ പ്രവൃത്തി പാതിവഴിയിൽ കിടക്കുന്നത് സ്ഥലം എം.എൽ.എയുടെ പിടിപ്പുകേടാണെന്നുമാണ് എൽ.ഡി.എഫ് ആരോപണം.

അതേസമയം നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പലവട്ടം ജനകീയ സമരങ്ങളും ഇടപെടലുകളും നടത്തിയിട്ടും ജനങ്ങളുടെ ദുരിതം പരിഹരിക്കാനോ പദ്ധതി പൂർത്തിയാക്കാനോ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് താൽപര്യമെടുത്തില്ലെന്ന് യു.ഡി.എഫും കുറ്റപ്പെടുത്തുന്നു. റോഡ് വിഷയം വീടുകയറിയുള്ള കാമ്പയിനിൽ ഇരുമുന്നണികളുടെയും സ്ഥാനാർഥികൾ വിഷയമാക്കുന്നുണ്ട്. പെരിന്തൽമണ്ണ നഗരസഭക്ക് പുറമെ മേലാറ്റൂർ, വെട്ടത്തൂർ, ഏലംകുളം, പുലാമന്തോൾ പഞ്ചായത്തുകളിലും അഞ്ചുവർഷമായി പൂർത്തിയാക്കാതെ കിടക്കുന്ന ഈ റോഡ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാണ്. 18 മാസമാണ് നിർമാണത്തിന് കരാർ കാലാവധി. റോഡ് ഏറ്റെടുത്തത് തന്നെ ഏറെ വൈകി. ശേഷം 20 ശതമാനത്തോളം പ്രവർത്തി നടത്തി കരാറുകാർ പാതിവഴിയിലിട്ടു.

പിന്നീട് ഏറെ മുറവിളികൾക്ക് ശേഷം 50 ശതമാനം പണി നടത്തിയ കരാറുകാരനെ മൂന്നര വർഷത്തിന് ശേഷം ഒഴിവാക്കി. ബാക്കിയുള്ള പ്രവൃത്തിക്ക് എസ്റ്റിമേറ്റ് തയാറാക്കി സർക്കാറിന്റെ പരിഗണനക്ക് നൽകിയതാണ്. ഇത് കഴിഞ്ഞിട്ട് എട്ടുമാസമായി. ഇതിന് അംഗീകാരം ലഭിച്ച് ബാക്കിയുള്ള പ്രവർത്തി പൂർത്തിയാക്കാൻ ഇനിയും വൈകും. ഉത്തരവാദി സർക്കാറോ എം.എൽ.എയോ എന്നാണ് ഇപ്പോഴും തർക്കം.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.