മമ്പാട്ട് ഇടതും വലതും പ്രതീക്ഷയിൽ

മമ്പാട്: വാഗൺ ട്രാജഡി രക്തസാക്ഷിത്വത്തിന്റെ വേരുകളുള്ള മമ്പാട്ട് ഭരണത്തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽ.ഡി.എഫ്. എന്നാൽ, ഭരണം തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. 19 വാർഡ് ഉണ്ടായിരുന്നത് വിഭജനത്തോടെ 22 വാർഡായി വർധിച്ചു. 16360 പുരുഷ വോട്ടർമാരും 18037 സ്ത്രീ വോട്ടർമാരും ഉൾപ്പെടെ 34,397 അംഗങ്ങൾ ഉള്ളതാണ് പുതിയ വോട്ടർ പട്ടിക. 1963 ഡിസംബർ 28ന് മധുരക്കറിയൻ അത്തം മോയിൻ അധികാരിയുടെ നേതൃത്വത്തിലാണ് ആദ്യ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. പി. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള നിലവിലുള്ള ഭരണസമിതി ഉൾപ്പെടെ നാലു ഭരണസമിതികളാണ് എൽ.ഡി.എഫ് പൂർണമായും ഭരിച്ചത്.

കാഞ്ഞിരാല കുഞ്ഞാൻ (മുസ്‍ലിം ലീഗ്), പുത്തലത്ത് ഉണ്ണി മമ്മദ് (കോൺഗ്രസ്), എരഞ്ഞിക്കൽ മോയിൻ (സി.പി.എം) എന്നിവരായിരുന്നു മമ്പാട് ഗ്രാമപഞ്ചായത്തിലെ ആദ്യകാല രാഷ്ട്രീയ പ്രവർത്തകരിൽ ശ്രദ്ധേയമായവരിൽ ചിലർ. നിലവിൽ മമ്പാട് പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫ് 18 സീറ്റിൽ പാർട്ടി ചിഹ്നത്തിലും, നാല് സീറ്റിൽ സ്വതന്ത്രരെയും ആണ് മത്സരിപ്പിക്കുന്നത്. യു.ഡി.എഫിൽ മുസ്‍ലിം ലീഗ് 10 സീറ്റിലും കോൺഗ്രസ് ഏഴു സീറ്റിലും വെൽഫെയർ പാർട്ടി ഒരു സീറ്റിലും നാലു വാർഡുകളിൽ സ്വതന്ത്രരെയും ആണ് മത്സരിപ്പിക്കുന്നത്.

ബി.ജെ.പി മൂന്ന് സീറ്റിൽ പാർട്ടി ചിഹ്നനത്തിലും മത്സരിക്കുന്നുണ്ട് അഴിമതിരഹിത സുതാര്യ നിലപാടുകൾ സ്വീകരിച്ചതിനാലും, ലൈഫ് ഭവന പദ്ധതിയിൽ 866 വീടുകൾ സ്ഥാപിച്ചതിനാലും ആരോഗ്യം, പരിരക്ഷ എന്നീ മേഖലകളിൽ കാര്യമായി പ്രവർത്തിക്കാൻ സാധിച്ചതിനാലും എൽ.ഡി.എഫ് തന്നെ തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് സി.പി.എം ഏരിയ സെക്രട്ടറി എം.ടി. അഹമ്മദ് പങ്കുവെക്കുന്നത്. എന്നാൽ, യു.ഡി.എഫ് കഴിഞ്ഞകാലത്തെ അപേക്ഷിച്ച് ഐക്യത്തോടെ നിലനിൽക്കുന്നതായും പഴയ യു.ഡി.എഫ് സർക്കാർ നടപ്പാക്കിയിരുന്ന പദ്ധതിയുടെ പൂർത്തീകരണം മാത്രം നടത്തി സ്വന്തമായ പുരോഗമന പ്രവർത്തനങ്ങൾ ഒന്നും നടത്താതെയും, സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കാത്തതും, യു.ഡി.എഫിന്റെ തിരിച്ചുവരവിന് ഏറെ പ്രതീക്ഷ നൽകുന്നതായി പഞ്ചായത്ത് കൺവീനർ പാന്താർ മുഹമ്മദ് പറയുന്നു.

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.