സിറാജുദ്ദീനെ സൈന്യം വിളിക്കുന്നു; കഷ്ടപ്പാടുകള്‍ മായ്ക്കാന്‍

കോയമ്പത്തൂര്‍: സി. സിറാജുദ്ദീനെന്ന മലപ്പുറത്തുകാരുടെ പ്രിയപ്പെട്ട ലോങ് ജംപ് താരത്തിന് ജോലി നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ആര്‍മിയും നേവിയും. കോയമ്പത്തൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മീറ്റില്‍ മംഗലാപുരം സര്‍വകലാശാലക്ക് വേണ്ടി ശനിയാഴ്ച സ്വര്‍ണം നേടിയ സിറാജിന്‍െറ പ്രകടനം നേരിട്ട് വിലയിരുത്തിയാണ് സെലക്ട് ചെയ്തതായി അറിയിച്ചത്. മംഗലാപുരം ആല്‍വാസ് കോളജിലെ രണ്ടാം വര്‍ഷ ഇംഗ്ളീഷ് ബിരുദ വിദ്യാര്‍ഥിയായ താരം വീട്ടില്‍ സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മഞ്ചേരി തൃപ്പനച്ചി ആക്കുംപുറത്ത് സെയ്തലവിയുടെയും ഫാത്തിമയുടെയും നാല് മക്കളില്‍ ഇളയവനാണ് സിറാജുദ്ദീന്‍. സ്കൂള്‍ കായികമേളയിലും ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിലും ലോങ് ജംപില്‍ സ്വര്‍ണമടക്കം നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട്. സര്‍വകലാശാല മീറ്റിലെ ആദ്യ സ്വര്‍ണമാണിത്. നിര്‍ധന കുടുംബാംഗമായ താരം നാല് വര്‍ഷമായി കേരള സ്പോര്‍ട്സ് കൗണ്‍സില്‍ എലൈറ്റ് സ്കീമില്‍ പരിശീലിക്കുകയാണ്. ആല്‍വാസ് കോളജില്‍നിന്ന് സ്കോളര്‍ഷിപ്പായി പ്രതിമാസം 10,000 രൂപ ലഭിക്കും. ഇതില്‍ പകുതിയും വീട്ടില്‍ കൊടുക്കും. ഈ കഷ്ടപ്പാടുകള്‍ക്കിടയിലേക്കാണ് സിറാജിന് സൈന്യത്തിന്‍െറ വിളിയത്തെിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.