റവന്യൂ മന്ത്രി ഇന്ന് ജില്ലയില്‍; പട്ടയം വിധിയായ ആയിരക്കണക്കിന് ഭൂവുടമകള്‍ പ്രതീക്ഷയില്‍

താനൂര്‍: റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഞായറാഴ്ച താനൂരുള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ എത്തുമ്പോള്‍ ജില്ലയിലെ ഭൂമി പട്ടയത്തിനപേക്ഷിച്ച ആയിരക്കണക്കിന് അപേക്ഷകര്‍ പ്രതീക്ഷയില്‍. ഭൂമിയുടെ പട്ടയം ലഭ്യമാക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിച്ച അതിവേഗ ഓഫിസുകളില്‍ വിധിയായിട്ടും നിരവധി പട്ടയങ്ങളാണ് കെട്ടിക്കിടക്കുന്നത്. തിരൂര്‍, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളില്‍ വരുന്ന പട്ടയ സംബന്ധമായ കേസുകള്‍ തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ കോടതിയിലാണ് വിചാരണക്കെടുത്തിരുന്നത്. ജനങ്ങളുടെ പ്രയാസം കണക്കിലെടുത്ത് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന കാലത്താണ് തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂനല്‍ കോടതിയില്‍നിന്ന് 10000ത്തോളം ഫയലുകള്‍ തിരൂര്‍ എല്‍.എ.ജി ഓഫിസ്, മലപ്പുറം എ.എ.ജി ഓഫിസ്, കോട്ടക്കല്‍ എല്‍.എ.എന്‍.എച്ച് ഓഫിസ് എന്നിവിടങ്ങളിലേക്ക് അയച്ചത്. ആറുമാസ കാലാവധിക്കുള്ളില്‍ ഇവയെല്ലാം വിധിയാക്കണമെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. തിരൂര്‍ ഓഫിസില്‍ അപേക്ഷ സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിലധികം സമയ പരിധി കഴിഞ്ഞവയായിരുന്നു ഇവയില്‍ മിക്കതും. തിരൂര്‍ എല്‍.എ.ജി ഓഫിസില്‍ സിറ്റിങ്ങിന് വിളിക്കുകയും കേസ് തീര്‍പ്പാക്കുകയും ചെയ്ത അപേക്ഷകള്‍ കൂടിയുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഫലത്തില്‍ അതിവേഗത്തില്‍ തീര്‍പ്പാക്കാനായി സൗകര്യപ്പെടുത്തിയ ഓഫിസുകളില്‍ തീര്‍പ്പിന്‍െറ വക്കിലത്തെിയ പട്ടയം കൂടി കെട്ടിക്കിടന്നു. തീര്‍പ്പായ കേസുകളില്‍ ഉള്‍പ്പെട്ട അപേക്ഷകര്‍ക്ക് എത്രയും പെട്ടെന്ന് പട്ടയം ലഭ്യമാക്കണമെന്നാണ് ആവശ്യം. വിവാഹം, വീട് നിര്‍മാണം തുടങ്ങിയ അത്യാവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്തി ബാങ്ക് വായ്പ ലഭ്യമാക്കാന്‍ പോലും പട്ടയം ലഭിക്കാത്തത് കാരണം സാധിക്കുന്നില്ല. വിധിയായ പട്ടയം അപേക്ഷകരുടെ വിധി പകര്‍പ്പുപോലും ലഭ്യമാക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാനത്തെ 18 ഓഫിസുകളിലും ഇത്തരത്തില്‍ തീര്‍പ്പായ കേസുകള്‍ പട്ടയം കിട്ടാതെ കെട്ടിക്കിടക്കുന്നുണ്ട്. ജില്ലയില്‍ കോട്ടക്കല്‍ ഓഫിസില്‍ നിലമ്പൂര്‍, പൂക്കോട്ടുംപാടം തുടങ്ങിയ വിദൂര സ്ഥലങ്ങളില്‍നിന്നുള്ള അപേക്ഷകരുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.