ഈ വരള്‍ച്ചയുടെ മുന്നില്‍ അബ്ദുല്ലയും തോറ്റു

മലപ്പുറം: ‘‘എത്രയോ കാലമായി കൃഷി ചെയ്യുന്നു... ഇങ്ങനെ ഒരുകാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല’’ അരനൂറ്റാണ്ടായി കൃഷി മാത്രം ജീവിത മാര്‍ഗമാക്കിയ, കൂട്ടിലങ്ങാടി പഞ്ചായത്തിലെ മികച്ച കൃഷിക്കാരനെന്ന് പേരെടുത്ത പടിഞ്ഞാറ്റുമുറി കാപ്പാട്ട് ചെറിയ അബ്ദുല്ലയുടെ വാക്കുകളാണിത്. കന്നിമാസത്തിലെ മഴ തീര്‍ത്തും വിട്ടുനിന്നപ്പോള്‍ ഈ കര്‍ഷകന് നഷ്ടപ്പെട്ടത് ഒന്നര ഏക്കര്‍ പാടത്തെ നെല്‍കൃഷിയാണ്. കൂട്ടിലങ്ങാടി പഞ്ചായത്തിലുള്‍പ്പെട്ടതാണ് ചെറിയ അബ്ദുല്ലയുടെ കൃഷിസ്ഥലം. പഞ്ചായത്തില്‍ കൃഷിക്കായുള്ള ജലസേചന പദ്ധതികളൊന്നും ഇല്ലാത്തതും അബ്ദുല്ലക്ക് ഇരുട്ടടിയായി. നെല്‍കൃഷിക്ക് പുറമെ കപ്പയും വാഴയുമൊക്കെ ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. ജില്ലയിലെ മറ്റിടങ്ങളിലും നെല്‍കൃഷിക്കാര്‍ക്ക് പറയാന്‍ ഇതേ ആവലാതിയാണ്. 160ലധികം പറ നെല്ല് ലഭിച്ചിരുന്ന പാടമാണ് ഇപ്പോള്‍ വീണ്ടുകീറിയിരിക്കുന്നത്. വെള്ളമില്ലാത്തതും നെല്ല് കരിഞ്ഞുണങ്ങിയതും ചൂണ്ടിക്കാട്ടി കൂട്ടിലങ്ങാടി കൃഷിഭവനില്‍ പരാതി നല്‍കിയിരുന്നു. കൃഷി ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചതായും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും അബ്ദുല്ല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.