ഉപഭോക്തൃ ഫോറം ഉത്തരവിന് പുല്ലുവില; കെ.എസ്.ഇ.ബിക്കെതിരെ ഉപഭോക്താക്കള്‍ കേസിന്

ചങ്ങരംകുളം: ഉപഭോക്താവ് ബില്ല് അടച്ചില്ളെങ്കിലും കെ.എസ്.ഇ.ബി ഒറ്റയടിക്ക് വൈദ്യുതി വിച്ഛേദിക്കരുത് എന്ന ഉപഭോക്തൃ ഫോറം ഉത്തരവ് പാലിക്കാത്തതിനെതിരെ ഉപഭോക്താക്കള്‍ നിയമനടപടിക്ക്. കറന്‍റ് ബില്ല് അടക്കേണ്ട തീയതി കഴിഞ്ഞാല്‍ ഉപഭോക്താവിന്‍െറ ഫ്യൂസ് ഊരുന്നതിന്‍െറ നിശ്ചിത ദിവസം മുമ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നാണ് ഉത്തരവ്. കഴിഞ്ഞദിവസം ചാലിശ്ശേരി സെക്ഷന് കീഴില്‍ ബില്ലടക്കാന്‍ വൈകിയ ഏതാനും ഉപഭോക്താക്കളുടെ ഫ്യൂസ് വൈദ്യുതി ജീവനക്കാര്‍ ഊരിയതായാണ് പരാതി. ഇതുസംബന്ധിച്ച ഉത്തരവിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ അതിനെപറ്റി അറിയില്ളെന്നായിരുന്നു അധികൃതരുടെ മറുപടി. നിലവില്‍ വൈദ്യുതി ബില്ലും വൈദ്യുതി വിച്ഛേദിക്കുന്നതിനുള്ള മുന്നറിയിപ്പും ഒരൊറ്റ അറിയിപ്പായാണ് ഉപഭോകതാവിന് നല്‍കുന്നത്. ബില്ല് കിട്ടി 10 ദിവസത്തിനകം പിഴ കൂടാതെ തുക അടക്കാം. 25 ദിവസത്തിനകം പിഴയോടു കൂടി പണം അടച്ചില്ളെങ്കില്‍ പിറ്റേ ദിവസം വൈദ്യുതി വിച്ഛേദിക്കുകയാണ് പതിവ്. ഇതിനെതിരെയാണു കഴിഞ്ഞമാസം അങ്കമാലി സ്വദേശി ജോസഫ് എന്നയാള്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന് പരാതി നല്‍കി അനുകൂല ഉത്തരവ് സമ്പാദിച്ചത്. ഇതുപ്രകാരം 2017 ജനുവരി മുതല്‍ വൈദ്യുതി വിച്ഛേദിക്കുന്നതിന് 15 ദിവസം മുമ്പ് ഗാര്‍ഹിക-ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് വെവ്വേറെ നോട്ടീസ് നല്‍കണമെന്ന ഉത്തരവിനെയാണ് കെ.എസ്.ഇ.ബി വെല്ലുവിളിക്കുന്നതെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.