ട്രഷറികളില്‍ കാത്തുനില്‍പ്പ്, നിരാശ

മലപ്പുറം: പുതുവര്‍ഷത്തിലെ ആദ്യ ശമ്പള ദിനത്തില്‍ ജില്ലയിലെ ട്രഷറികളില്‍ കാത്തിരിപ്പും നിരാശയും. ആവശ്യപ്പെട്ട തുക ബാങ്കുകളില്‍നിന്ന് ലഭിക്കാതെ വന്നതും സാങ്കേതിക പ്രശ്നങ്ങളും ജനങ്ങളെ ഏറെനേരം ട്രഷറികളില്‍ കുരുക്കിയിട്ടു. ശമ്പളം, പെന്‍ഷന്‍ എന്നിവക്കായി നിരവധി പേര്‍ ചൊവ്വാഴ്ച രാവിലെ ട്രഷറികളിലത്തെി. രണ്ടുദിവസം അവധി ആയതിനാല്‍ ചൊവ്വാഴ്ച ട്രഷറികളില്‍ എത്തിയവരുടെ എണ്ണം കൂടുതലായിരുന്നു. എന്നാല്‍, മിക്കയിടത്തും വിതരണത്തിന് ആവശ്യമായ പണം ഉണ്ടായില്ല. വീണ്ടും വീണ്ടും ആവശ്യപ്പെട്ടാണ് പല ബാങ്കുകളും പണം നല്‍കിയത്. ഇതാകട്ടെ വേണ്ടതിന്‍െറ ചെറിയൊരംശം മാത്രമായിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തുനില്‍പ്പ് പ്രായമായവരെ ദുരിതത്തിലാക്കി. പലര്‍ക്കും സമയത്തിന് ഭക്ഷണം കഴിക്കാനുമായില്ല. ക്ഷേമപെന്‍ഷനുകള്‍ സഹകരണ ബാങ്കുള്‍ക്ക് നല്‍കുന്നത് ട്രഷറിവഴി ആയതിനാല്‍ ഈ ആവശ്യങ്ങള്‍ക്കും പണം വേണ്ടിവന്നിരുന്നു. പണം തികയാതെ വന്നതോടെ സര്‍വിസ് പെന്‍ഷനുകളുടെ വിതരണവും പൂര്‍ണമായി നടന്നില്ല. ജില്ല ട്രഷറി ഒരു കോടി രൂപ ആവശ്യപ്പെട്ടെങ്കിലും 70 ലക്ഷമാണ് ചൊവ്വാഴ്ച എസ്.ബി.ടിയില്‍നിന്ന് ലഭിച്ചത്. പല തവണയായാണ് ഇവ ലഭിച്ചത് എന്നതിനാല്‍ പണം വിതരണത്തിന് തടസ്സങ്ങള്‍ നേരിട്ടു. പലര്‍ക്കും പണം ലഭിക്കാതെ മടങ്ങേണ്ടിയും വന്നു. ബുധനാഴ്ചയും ഒരുകോടിയോളം രൂപ ആവശ്യമാണെന്ന് മലപ്പുറം ട്രഷറി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സബ് ട്രഷറി ഒരു കോടിരൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 60 ലക്ഷം. സര്‍വിസ് പെന്‍ഷന്‍ ഒരാള്‍ക്ക് 24,000 രൂപവരെ വിതരണം ചെയ്തു. പണം തികയാതെവന്നതോടെ സാമൂഹിക ക്ഷേമ പെന്‍ഷന്‍ വിതരണം നടന്നില്ല. 2.60 കോടിരൂപ ഇതിന് മാത്രം ആവശ്യമാണ്. 1.25 കോടി ആവശ്യമായ പൊന്നാനിക്ക് തിരൂര്‍ എസ്.ബി.ടിയില്‍നിന്ന് ലഭിച്ചത് 25 ലക്ഷം മാത്രം. ഒരുകോടി ആവശ്യപ്പെട്ട നിലമ്പൂര്‍ ട്രഷറിക്ക് 15 ലക്ഷം മാത്രമാണ് ലഭിച്ചത്. ഒരു കോടി ആവശ്യപ്പെട്ട കൊണ്ടോട്ടിക്ക് 70 ലക്ഷം കിട്ടി. ജില്ലയിലെ മറ്റു ട്രഷറികളിലും ആവശ്യത്തിന് പണം ലഭിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.