തിരുനിലം-വെണ്ടല്ലൂര്‍ റോഡ് : നിര്‍മാണ അനുമതി വേണമെന്നാവശ്യം ശക്തം

ഇരിമ്പിളിയം: ജിയോളജി വകുപ്പിന്‍െറ അനുമതി ലഭിക്കാത്തത് മൂലം റോഡ് നിര്‍മാണം അനന്തമായി നീളുന്നു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ തിരുനിലം-വെണ്ടല്ലൂര്‍ റോഡ് നിര്‍മാണത്തിനാണ് അനുമതി ലഭിക്കാത്തത്. വയലിന് നടുവിലൂടെ നിര്‍മാണം വരുമെന്നതാണ് കാരണം. തിരുനിലം-വെണ്ടല്ലൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഈ റോഡ്. റോഡ് യാഥാര്‍ഥ്യമായാല്‍ ഗ്രാമീണ മേഖലയായ തിരുനിലം പ്രദേശത്തുള്ളവര്‍ക്ക് വളാഞ്ചേരി ടൗണിലത്തൊന്‍ അഞ്ച് കിലോമീറ്റര്‍ ദൂരം ലാഭിക്കാം. വെണ്ടല്ലൂര്‍ പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രം, വെണ്ടല്ലൂര്‍ ജുമാമസ്ജിദ് എന്നിവിടങ്ങളിലേക്ക് പോകാന്‍ ഇവിടത്തുകാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. റോഡ് വന്നാല്‍ വെണ്ടല്ലൂര്‍ പ്രദേശത്തുകാര്‍ക്ക് ഇരിമ്പിളിയം പഞ്ചായത്ത് ഓഫിസ്, കൃഷിഭവന്‍, സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് കുറഞ്ഞ ദൂരത്തിനുള്ളില്‍ എത്താന്‍ സാധിക്കും. തിരുനിലം പ്രദേശം വെണ്ടല്ലൂര്‍ മഹല്ലിന് കീഴിലായതിനാല്‍ മൃതദേഹം വെണ്ടല്ലൂര്‍ ജുമാമസ്ജിദിലാണ് കൊണ്ടുപോകാറ്. പാടത്തിന് നടുവിലൂടെയുള്ള ചെറിയ വരമ്പും തോടിന് മുകളിലെ ഇടുങ്ങിയ പാലവും കടന്നുപോകാന്‍ വളരെ പ്രയാസമാണ്. പാടത്തിന് നടുവിലൂടെയുള്ള നടപ്പാത പല ഭാഗത്തും തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള കാല്‍നട പോലും ദുഷ്കരമാണ്. പ്രദേശവാസികളുടെ നിരന്തര അഭ്യര്‍ഥന മാനിച്ച് രണ്ട് വര്‍ഷം മുമ്പ് അന്നത്തെ എം.എല്‍.എ എം.പി. അബ്ദുസ്സമദ് സമദാനി 50 ലക്ഷം രൂപ റോഡ് നിര്‍മാണത്തിന് അനുവദിച്ചിരുന്നു. റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കലുള്‍പ്പെടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചെങ്കിലും വയല്‍ മണ്ണിട്ട് നികത്തുന്നതിന് ജിയോളജി വകുപ്പില്‍നിന്ന് അനുമതി ലഭിക്കണം. പ്രദേശത്തുകാരുടെ ദുരിതം കണക്കിലെടുത്ത് റോഡ് നിര്‍മാണത്തിന് അനുമതി ലഭ്യമാക്കാന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.