പഞ്ചായത്ത് അധികൃതരുടെ പരിശോധനക്ക് പ്രയോജനമില്ല; പാലൂര്‍ക്കോട്ട നിവാസികള്‍ക്ക് മാലിന്യദുരിതം

പെരിന്തല്‍മണ്ണ: പാലച്ചോട് പാലൂര്‍കോട്ട നിവാസികള്‍ക്ക് തലവേദനയായി മാലിന്യകൂമ്പാരം. പാലൂര്‍ക്കോട്ട വ്യവസായ എസ്റ്റേറ്റിന് സമീപം ജനവാസകേന്ദ്രത്തോട് ചേര്‍ന്ന് പ്ളാസ്റ്റിക് മാലിന്യം തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് പരിസരവാസികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാലിന്യകൂമ്പാരത്തില്‍ നിന്നുള്ള ദുര്‍ഗന്ധംമൂലം പ്രദേശവാസികളില്‍ പലരും അലര്‍ജി രോഗത്താല്‍ പ്രയാസം അനുഭവിക്കുന്നു. പാഴ്വസ്തുക്കളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകിയിട്ടുണ്ട്. ഡെങ്കിപ്പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ക്ക് വഴിവെക്കുമെന്ന് പ്രദേശവാസികള്‍ ഭയക്കുന്നു. തെരുവുനായ് ശല്യവും നാട്ടുകാര്‍ക്ക് ഭീഷണിയായിട്ടുണ്ട്. പഞ്ചായത്ത് ലൈസന്‍സോ, അനുമതിയോ ഇല്ലാതെ അനധികൃതമായി നടത്തുന്ന മാലിന്യശേഖര സ്ഥാപനം പൂട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പലതവണ ആവശ്യപ്പെട്ടിട്ടും സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത സ്ഥാപനത്തില്‍ നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്ത് അധികൃതര്‍ നേരത്തേ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന്, ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ പ്രദേശവാസികള്‍ പിരിഞ്ഞുപോയി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റും മെംബര്‍മാരും അടക്കമുള്ളവര്‍ അന്ന് പരിശോധന സംഘത്തിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ നടപടികളില്ലാത്തതില്‍ പാലച്ചോട് പാലൂര്‍ക്കോട്ട നിവാസികള്‍ അമര്‍ഷത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.