മലപ്പുറം ഗവ. വനിതാ കോളജിന് സന്തോഷപ്പിറന്നാള്‍

മലപ്പുറം: വേറിട്ടൊരു പിറന്നാളാഘോഷമായിരുന്നു മലപ്പുറം ഗവ. വനിതാ കോളജിന് ഇന്നലെ. കോളജ് ലൈബ്രറിയിലേക്ക് നല്‍കാന്‍ ഒരു പുസ്തകവും കൈയില്‍ കരുതിയാണ് ഓരോ വിദ്യാര്‍ഥിനിയും കാമ്പസിലത്തെിയത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന കോളജിന് നല്‍കാനുള്ള സ്നേഹസമ്മാനമായി കരുതിയ ആ പുസ്തകങ്ങള്‍ കോളജ് ലൈബ്രറിയെ കൂടുതല്‍ സമ്പന്നമാക്കുകയായിരുന്നു. 2015 സെപ്റ്റംബര്‍ 28നാണ് സംസ്ഥാനത്തെ മൂന്നാമത്തെയും ജില്ലയിലെ ആദ്യത്തെയും സര്‍ക്കാര്‍ വനിതാ കോളജ് സ്ഥാപിതമാകുന്നത്. ബി.എ ഇംഗ്ളീഷ്, ഇസ്ലാമിക് ഹിസ്റ്ററി, ബി.എസ്സി കെമിസ്ട്രി, ബോട്ടണി കോഴ്സുകളിലായി മുന്നൂറോളം വിദ്യാര്‍ഥിനികളാണ് നിലവില്‍ കോളജിലുള്ളത്. ലൈബ്രറി വിപുലീകരണ പദ്ധതിയുടെ ഭാഗമായി വ്യക്തികള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, സര്‍വകലാശാല എന്നിവരുമായി സഹകരിച്ച് കൂടുതല്‍ പുസ്തകങ്ങള്‍ ശേഖരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നടപ്പാക്കിയ ‘ഓരോ വിദ്യാര്‍ഥിനിയും ഓരോ പുസ്തകം’ പദ്ധതി ഉദ്ഘാടനം കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. ടി.പി. അഹമ്മദ് നിര്‍വഹിച്ചു. കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ എം.എ. അപര്‍ണ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സൈനുല്‍ ആബിദ് കോട്ട, ഉമര്‍ കുറുങ്ങോടന്‍, കെ. ഫൗസിയ, കെ. സബീന, മുസ്തഫ, സുല്‍ത്താന അഫ്രോസ, പി. നീഷ്മ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.